പനാജി: ഇന്ത്യയുടെ അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം (ഇഫി) ഇന്ന് ഗോവയിൽ ആരംഭിക്കും. നവംബറിൽ നടക്കേണ്ടിയിരുന്ന ചലച്ചിത്രമേള കൊവിഡ് കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു. വെർച്വൽ -ഫിസിക്കൽ ഫോർമാറ്റിൽ ഹൈബ്രിഡ് ഫെസ്റ്റിവലായാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. 2500 പ്രതിനിധികൾക്കേ പ്രവേശനമുള്ളൂ. അല്ലാതെ ബുക്ക് ചെയ്തവർക്ക് ഓൺലൈനായി കാണാം.
24ന് സമാപിക്കുന്ന മേളയിൽ 224 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ന് ശ്യാമപ്രസാദ് മൂഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ 200 പേർക്കേ പ്രവേശനമുള്ളു. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്യും. ഡെൻമാർക്ക് ചിത്രം അനദർ റൗണ്ടാണ് ഉദ്ഘാടനചിത്രം. ജാപ്പനീസ് ചിത്രം വൈഫ് ഓഫ് എ സ്പൈയാണ് സമാപന ചിത്രം.
കഴിഞ്ഞ മേളയ്ക്കും ഈ മേളയ്ക്കും ഇടയിൽ മരണമടഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കമുള്ളവർക്ക് ആദരം അർപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്നാരും ഈ പട്ടികയിലില്ല. ബംഗ്ളാദേശിൽ നിന്നുള്ള സിനിമകളാണ് കൺട്രി ഫോക്കസായി തിരഞ്ഞെടുത്തിട്ടുള്ളത്. മത്സര വിഭാഗത്തിൽ ഇക്കുറി മലയാള ചിത്രങ്ങളില്ല. ഇന്ത്യൻ പനോരമയിൽ ട്രാൻസ് അടക്കം അഞ്ച് മലയാള ചിത്രങ്ങളുണ്ട്. ജയറാം അഭിനയിച്ച സംസ്കൃത ചിത്രം നമോയും പനോരമയിൽ ഉണ്ട്. അർജന്റീനിയൻ സംവിധായകൻ പാബ്ളോ സെസർ ചെയർമാനായ അന്താരാഷ്ട്ര മത്സര ജൂറിയിൽ പ്രിയദർശൻ അംഗമാണ്.