കസ്റ്റഡിയിലെടുക്കാൻ ബംഗളൂരു പൊലീസും
കൊല്ലം: പൊലീസ് സിനിമാ സ്റ്റൈലിൽ വ്യാഴാഴ്ച പുലർച്ചെ പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊല്ലം ഈസ്റ്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കാർ മോഷണക്കേസിൽ വിനീതിനെ കസ്റ്റഡിയിൽ ലഭിക്കാൻ ബംഗളൂരു പൊലീസ് കൊല്ലം ഈസ്റ്റ് പൊലീസുമായി ഇന്നലെ ബന്ധപ്പെട്ടു. ജില്ലയിൽ കരുനാഗപ്പള്ളി, ചവറ, പാരിപ്പള്ളി, കുണ്ടറ സ്റ്റേഷനുകളിലും വിനീതിനെതിരെ കേസുണ്ട്. പള്ളിത്തോട്ടത്ത് നിന്ന് ബുള്ളറ്റ് മോഷണം, എസ്.എം.പി പാലസിന് സമീപത്ത് നിന്ന് ബൈക്ക് മോഷണം തുടങ്ങിയ കേസുകളാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പരിധിയിലുള്ളത്.
എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള മിഷേൽ, ഷിൻസി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ തലവനാണ് വിനീത്. കഴിഞ്ഞമാസം അവസാനം മൂവരെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജയിലിലെത്തിക്കുന്നതിന് മുൻപ് പാർപ്പിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു. അതിനുശേഷം 20 കവർച്ചകളാണ് വിനീത് നടത്തിയത്. മിഷേലിനെ തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയിരുന്നു. ഇതേദിവസം ചെങ്ങന്നൂരിൽ നിന്ന് മോഷ്ടിച്ച കാറുമായി വിനീത് ചിന്നക്കടയിലെത്തിയിരുന്നു. പൊലീസിനെ കണ്ടപാടെ കാർ ഉപേക്ഷിച്ച് മറ്റൊരു ബൈക്ക് മോഷ്ടിച്ച് അതിൽ കടന്നു. പിന്നീട് പള്ളിത്തോട്ടത്ത് നിന്ന് ബുള്ളറ്റ് തട്ടിയെടുത്ത് അതിലായിരുന്നു സഞ്ചാരം.
ബുധനാഴ്ച രാത്രി കിളിമാനൂരിലെ പമ്പിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ശേഷം ചടയമംഗലത്ത് എത്തി കാർ തട്ടിയെടുത്തതായി വിവരം ലഭിച്ചതോടെ വ്യാഴാഴ്ച പുലർച്ചെ വിനീതിനെ പിടികൂടാൻ പൊലീസ് ജില്ലയിൽ വലവിരിച്ചു. കടപ്പാക്കടയിൽ കാറിലെത്തിയ വിനീതിനെ റോഡിന് കുറുകെ ജീപ്പ് നിറുത്തിയിട്ട് തടഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയോടിയ വിനീതിനെ നാട്ടുകാരുടെ സഹായത്തോടെ പുലർച്ചെ ടൗൺ അതിർത്തിയിൽ വച്ചാണ് പിടികൂടിയത്.