കോഴിക്കോട്: വിദ്യാഭ്യാസം, കാർഷികം തുടങ്ങിയ മേഖലകൾക്ക് മികച്ച പരിഗണന ബഡ്ജറ്റിൽ ലഭിച്ചെങ്കിലും സർക്കാരിന്റെ തനത് വരുമാനം ഉണ്ടാക്കുന്നതിനോ നികുതിവെട്ടിപ്പ് തടയാനോ നടപടികളില്ലെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും കടംവാങ്ങിയല്ല, സർക്കാർ സ്വന്തമായി വിഭവസമാഹരണം നടത്തിയാണ് ചെലവാക്കേണ്ടത്.
നികുതി കൃത്യമായി പിരിച്ചെടുത്താലേ സർക്കാരിന്റെ വരുമാനം മെച്ചപ്പെടൂ. ഇതിന് ഇ-ഗവേണൻസ് നടപ്പാക്കണം. ഇത്തരം കാര്യങ്ങളില്ല ബഡ്ജറ്റിൽ. മൂന്ന് വ്യവസായ ഇടനാഴികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പക്ഷേ, വ്യവസായം സ്ഥാപിക്കാൻ പറ്റിയ അന്തരീക്ഷം സംസ്ഥാനത്തില്ല. മുടങ്ങിയതും പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതുമായ വ്യവസായങ്ങൾക്കായി പുനരുജ്ജീവന പദ്ധതി നടപ്പാക്കണം. ഇത് കൂടുതൽ തൊഴിലവസരങ്ങളും നികുതിവരുമാന വർദ്ധനയും സൃഷ്ടിക്കും.
കേരളീയ ഉത്പന്ന കയറ്റുമതിക്കായി മേക്ക് ഇൻ കേരള പദ്ധതി ഒരുക്കണം. കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാൻ നടപടി വേണം. പാവപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകണം. അനധികൃതമായ ആയിരത്തിലേറെ സ്വർണാഭരണ - നിർമ്മാണ - വില്പന കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഇതും കള്ളക്കടത്തും തടയാൻ നടപടി വേണം. ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. 65 വയസ് കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷനും മെഡിക്കൽ ഇൻഷ്വറൻസും നൽകുകയും പടിപടിയായി ഉയർത്തുകയും വേണം.