കണ്ണൂർ: വാഹനം വാടകയ്ക്കെടുത്ത് വ്യാജ ആർ.സി ഉണ്ടാക്കി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ.
തില്ലങ്കേരി കാവുംപടിയിലെ കെ.വി. ഫൈസലിനെ (21) യാണ് കണ്ണൂർ ടൗൺ സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്.ഐ ബാബിഷ്, അഡീഷണൽ എസ്.ഐ സുരേഷ്, എ.എസ്.ഐ റഷീദ്, സീനിയർ പൊലീസ് ഓഫീസർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊട്ടിയിൽ വച്ച് അറസ്റ്റ്ചെയ്തത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ജില്ലയിൽ നിന്നും ഇന്നോവ കാർ വാടകക്കെടുത്ത് കണ്ണൂരിൽ കൊണ്ട് വന്ന് വ്യാജ ആർ.സി ഉണ്ടാക്കുകയും വിൽപന നടത്തുകയും ചെയ്യുകയായിരുന്നു. കാർ വാങ്ങിയ ആൾ ആർ.സി മാറ്റാൻ ആർ.ടി ഓഫീസിൽ ചെന്നപ്പോഴാണ് വാഹനത്തിന് നിലവിൽ വേറെ ഉടമകളുണ്ടെന്ന് മനസിലാവുന്നത്. തുടർന്ന് ഇയാളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.