മട്ടന്നൂർ: സി.പി.എം പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി വി. രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്. ഫോറൻസിക് വിദഗ്ദധർ സ്ഥലത്തെത്തി പരിശോധിച്ചു. അക്രമിസംഘം ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ആലാച്ചി സ്വദേശിയുടെ ബൈക്കും പരിശോധിച്ചു. പൊലീസ് ഇൻസ്പെക്ടർ എം. കൃഷ്ണനാണ് അന്വേഷണച്ചുമതല.
രണ്ട് ബൈക്കുകളിലെത്തിയ അഞ്ചുപേരാണ് രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ രാജേഷ് കണ്ണൂർ എ.കെ. ജി ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനടുത്തെ വയൽക്കരയിൽ നിൽക്കുകയായിരുന്ന രാജേഷിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമിച്ചത്.
സി.പി.എം പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി വി രാജേഷിന് നേരെ നടന്ന വധശ്രമത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്ന് സി.പി.എം മട്ടന്നൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പ്രശ്നവും നിലവിലില്ലാത്ത പ്രദേശത്താണ് ബൈക്കുകളിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചിട്ടുള്ളത്. അക്രമമുണ്ടാക്കി സമാധാനം തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഏരിയാ സെക്രട്ടറി എൻ.വി. ചന്ദ്രബാബു പ്രസ്താവനയിൽ പറഞ്ഞു.