മലപ്പുറം: ദുരൂഹ സാഹചര്യത്തിൽ മലപ്പുറം താനൂർ ഓമച്ചപ്പുഴയിൽ നിന്ന് കാണാതായ തറമ്മൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ (42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീൻ (12) ഷജീന (12)എന്നിവരെപ്പറ്റി ആറുവർഷം നീണ്ട അന്വേഷണത്തിനൊടുവിലും യാതൊരു സൂചനയുമില്ല.
ലോക്കൽ പൊലീസിന്റെ ഏറെ നാളത്തെ അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാതിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് വർഷങ്ങൾ പിന്നിട്ടിട്ടും ഖദീജയും മക്കളും ജീവനോടെയുണ്ടോയെന്ന ചോദ്യം ഇപ്പോഴുംഉത്തരമില്ലാതെ അവശേഷിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ ലോക്കൽ പൊലീസിന് പുറമേ ക്രൈംബ്രാഞ്ചും ഖദീജയ്ക്കും മക്കൾക്കുമായുള്ള അന്വേഷണം നടത്തിയെങ്കിലും ഇവരെപ്പറ്റി യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.
വീർപ്പുമുട്ടിച്ച അപവാദപ്രചാരണങ്ങൾ
ഭർത്താവിന്റെ മരണശേഷം തനിക്കും മക്കൾക്കുമെതിരെ നാട്ടുകാരിൽ ചിലർ പടച്ചുവിട്ട അപവാദപ്രചാരണങ്ങളിൽ മനംനൊന്ത് കഴിയുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ
2014 ഏപ്രിൽ 27-ന് ഖദീജയെയും മക്കളെയും കാണാതായത്.
ഓമച്ചപ്പുഴയിലെ വീട്ടിൽനിന്ന് പെരിന്തൽ മണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. സംഭവത്തിൽ തൊട്ടടുത്തദിവസം തന്നെ ബന്ധു താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വർഷങ്ങളോളം ലോക്കൽ പൊലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. അതോടെയാണ് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും നൽകിയ പരാതി പ്രകാരം രണ്ട് വർഷം മുമ്പ് കേസ് മലപ്പുറം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
രഹസ്യാന്വേഷണത്തിനൊടുവിൽ നുണപരിശോധനയ്ക്ക് തീരുമാനം
അമ്മയും മക്കളും എങ്ങോട്ടുപോയി, അവർക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടിയത്. പരസ്യമായ അന്വേഷണത്തിനും തെളിവെടുപ്പുകൾക്കും പുറമേ ഓമച്ചപ്പുഴയിലും പരിസരപ്രദേശങ്ങളിലും അതീവരഹസ്യമായി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തി. സംശയമുള്ള നിരവധിപ്പേരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോൺകോളുകൾ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭർത്താവിന്റെ ബന്ധുവിനെ ഉൾപ്പെടെ ചിലരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തിയത്.ഇതിനായി പരപ്പനങ്ങാടി കോടതിയിൽ ക്രൈംബ്രാഞ്ച് സംഘം അപേക്ഷ സമർപ്പിച്ചു.കോടതിയുടെ അനുമതി അന്വേഷണ സംഘം പ്രതീക്ഷിച്ചിരിക്കെ കഴിഞ്ഞദിവസമാണ് ബന്ധു നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചത്. ആരോഗ്യ പരമായ കാരണങ്ങളാലും മറ്റും നുണപരിശോധനയ്ക്ക് വിസമ്മതിക്കാൻ അവകാശമുണ്ടെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നതിനുള്ള ഇയാളുടെ വൈമനസ്യം ക്രൈംബ്രാഞ്ച് ഗൗരവമായെടുത്തിട്ടുണ്ട്.
നിസ്സഹകരണം അന്വേഷണത്തിന് തടസ്സം
അമ്മയുടെയും മക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉന്നയിച്ച പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ തയ്യാറാകാതിരുന്ന ഭർത്താവിന്റെ ബന്ധുവായ ഇയാൾ നുണപരിശോധനയ്ക്ക് കൂടി വിസമ്മതിച്ചത് അന്വേഷണസംഘത്തിന് ഇയാളെപ്പറ്റിയുളള സംശയങ്ങൾ ബലപ്പെടുത്തുന്നതിന് കാരണമായി. ഇതോടെ മറ്റുവഴികൾ തേടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. നുണപരിശോധനയ്ക്ക് ഇയാൾ വിസമ്മതിച്ചതോടെ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പലവിധ സംശയങ്ങളും ഉയർന്നിട്ടുണ്ട്.
രണ്ട് വർഷമായി മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് നിർണായകഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ബന്ധുവിന്റെ നിസഹകരണം അന്വേഷണപുരോഗതിക്ക് തടസമായത്. വർഷങ്ങളായി ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലൊന്നും യാതൊരുസൂചനയുമില്ലാതിരിക്കെ ഖദീജയ്ക്കും മക്കൾക്കും എന്തുസംഭവിച്ചുവെന്നറിയാൻ
ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഉറ്റുനോക്കുകയാണ് നാട്ടുകാർ.