തിരുവനന്തപുരം: അമ്മയുടെ മുന്നിൽ കൊച്ചുകുട്ടിയെപ്പോലെ നിന്ന് അനുഗ്രഹം വാങ്ങിയാണ് മന്ത്രി തോമസ് എെസക് ബഡ്ജറ്റുമായി വീട്ടിൽ നിന്നിറങ്ങിയത്. അമ്മേ, പോയി വരട്ടെ എന്ന് ചോദിച്ചു. അമ്മ വാത്സല്യത്തോടെ ആശീർവദിച്ചു. മുമ്പും ബഡ്ജറ്റ് അവതരിപ്പിക്കാൻ അമ്മയ്ക്ക് മുത്തം നൽകിയായിരുന്നു ഇറങ്ങിയിരുന്നത്. ആ പതിവ് ഇന്നലെയും മൻമോഹൻ ബംഗ്ളാവിൽ തെറ്റിച്ചില്ല.
ഇക്കുറി വീട്ടുമുറ്റത്ത് പ്രഭാതഭക്ഷണത്തിനായി മേശകളും കസേരകളും നിരത്തിയിരുന്നു. വന്നവർക്കെല്ലാം പ്രാതൽ നൽകി.
പച്ച ജുബ്ബയും മുണ്ടും ധരിച്ച് എെസക് ഇറങ്ങി വന്നു. ബഡ്ജറ്റ് പുസ്തകവുമായി അച്ചടി വകുപ്പ് ഡയറക്ടറും സൂപ്രണ്ടുമെത്തി. അവർ ബഡ്ജറ്റ് അടങ്ങിയ ബാഗ് മന്ത്രിക്ക് കൈമാറി. ബഡ്ജറ്റ് പുറത്തെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷം മന്ത്രി അകത്തേക്ക് പോയി. 7.15ന് വീണ്ടും പുറത്തേക്ക് വന്നു, ഒപ്പം അമ്മ സാറമ്മ മാത്യുവും. ഒരു മേശയ്ക്ക് ചുറ്റും അവർക്കൊപ്പം സഹോദരി ജെന്നിയുമിരുന്നു. ഒരു ഇടിയപ്പവും മട്ടൻ സ്റ്രൂവും ഏത്തപ്പഴവും ചായയും എെസക് കഴിച്ചു. അമ്മയും സഹോദരിയുമൊത്തുള്ള ആ പ്രഭാത ഭക്ഷണം ബഡ്ജറ്റ് നാളിൽ പതിവാണ്. മാദ്ധ്യമങ്ങൾക്ക് നിറചിരി നൽകി അകത്തേക്ക് പോയ മന്ത്രി 8.10ന് ബഡ്ജറ്റടങ്ങിയ ബാഗുമായി ഇറങ്ങി. എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്ത് കാറിൽ നിയമസഭയിലേക്ക്.