തിരുവനന്തപുരം: കൊവിഡ് കാലത്ത് ഓഫീസിലെത്താതെ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ബഡ്ജറ്റിൽ പരമാവധി പ്രോത്സാഹനം. വൻകിട കമ്പനികൾ ഓഫീസ് സൗകര്യങ്ങൾ കുറയ്ക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തിൽ 5000ചതുരശ്ര അടി കെട്ടിടസൗകര്യം സജ്ജമാക്കി വർക്ക് സ്റ്റേഷനുകളായി സർക്കാർ രൂപാന്തരപ്പെടുത്തും. ഇതിനായി ബഡ്ജറ്റിൽ 20 കോടി അനുവദിച്ചു.
അഞ്ച് വർഷം കൊണ്ട് ഇരുപതു ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ നൽകും. ഫെബ്രുവരിയിൽ രജിസ്ട്രേഷൻ തുടങ്ങും. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സന്നദ്ധരായവരെ തിരഞ്ഞെടുക്കാൻ കമ്പനികൾക്ക് സൗകര്യമൊരുക്കും. ഇവരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. ഇതിൽ നിന്ന് ജോലിക്കെടുന്നവർക്ക് കമ്പ്യൂട്ടറും ഉപകരണങ്ങളും വാങ്ങാൻ കെ.എസ്.എഫ്.ഇ, കെ.എഫ്.സി, കേരളാബാങ്ക് വഴി വായ്പ നൽകും. രണ്ടുവർഷം കൊണ്ട് മാസ തവണകളായി തിരിച്ചടയ്ക്കാം. അതിനിടയിൽ ജോലി നഷ്ടമായാൽ അടുത്ത ജോലി കിട്ടിയിട്ട് തിരിച്ചടച്ചാൽ മതി. ധനകാര്യസ്ഥാപനങ്ങൾക്കുണ്ടാവുന്ന നഷ്ടം സർക്കാർ നികത്തും. ഇവർക്ക് വർക്ക് സ്റ്റേഷൻ വേണമെങ്കിൽ സഹായവാടകയ്ക്ക് നൽകും.
പി.എഫിൽ തൊഴിലുടമയുടെ വിഹിതം സർക്കാർ അടയ്ക്കും. പി.എഫ് വേണ്ടെങ്കിൽ ജോലി കഴിയുമ്പോൾ ലഭിക്കുന്ന ടെർമിനേഷൻ ആനുകൂല്യത്തിന്റെ ഇൻഷ്വറൻസ് പ്രീമിയം സർക്കാർ നൽകും. ആരോഗ്യ ഇൻഷ്വറൻസും ലഭ്യമാക്കും. ജോലിയൊഴിവാക്കി 5ലക്ഷം പ്രൊഫഷണലുകളായ വനിതകൾ വീടുകളിലിരിക്കുകയാണ്. വീട്ടിലോ സമീപത്തെ വർക്ക് സ്റ്റേഷനിലോ ജോലിചെയ്യാൻ സന്നദ്ധരായ 40ലക്ഷം സ്ത്രീകളുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 16ലക്ഷം. ഇങ്ങനെ അറുപത് ലക്ഷത്തോളം പേരുണ്ട്.
ഒരുവർഷത്തിനുള്ളിൽ
ലൈഫിൽ 1.5 ലക്ഷം വീട്
തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ 2021-22ൽ 1.5 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഇതിൽ 60,000 വീടുകൾ പട്ടികവിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമാണ്. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് മുൻഗണന. അവരിൽ 20000 പേർക്ക് ഭൂമി ലഭ്യമായി. പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമി വാങ്ങാൻ 185 കോടി വകയിരുത്തി. ലൈഫ് പദ്ധതിക്ക് 6,000 കോടി വേണ്ടിവരും. 1000 കോടി ബഡ്ജറ്റിൽ വകയിരുത്തി. തദ്ദേശഭരണസ്ഥാപനങ്ങളുടെ വിഹിതമൊഴിച്ച് ബാക്കി കെ.യു.ആർ.ഡി.എഫ്.സി വഴി വായ്പയെടുക്കും.
ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ തിരിച്ചടവ് ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തി. ഹൗസിംഗ് ബോർഡു വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി രൂപയും മറ്റു സ്കീമുകൾക്ക് 23 കോടി രൂപയും പ്രഖ്യാപിച്ചു.
സ്പോർട്സ് കൗൺസിലിന് 33കോടി
ഗ്രാമീണ കളിക്കളങ്ങൾ പുനരുദ്ധരിക്കാൻ 30കോടി
എല്ലാപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പാർക്ക് ഒരുക്കാൻ 20കോടി
കുടിവെള്ളത്തിന് 1300 കോടി
ജൽജീവൻ മിഷൻ വഴി 12 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ 1300 കോടി രൂപ ചെലവിടും. സംസ്ഥാന സർക്കാർ 400 കോടിയും തദ്ദേശഭരണ സ്ഥാപനങ്ങൾ 250 കോടിയും ഗുണഭോക്താക്കൾ 130 കോടിയും ഇതിനായി മുതൽമുടക്കും.
ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും 10 കോടി, വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പദ്ധതികൾക്കായി 285 കോടിയും വകയിരുത്തി.
ഭക്ഷ്യോത്പാദനത്തിന് 1500 കോടി
റബറിന് താങ്ങുവില 170 രൂപ
തിരുവനന്തപുരം: കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും കാർഷിക ഏജൻസികളും ചേർന്ന് ഭക്ഷ്യോത്പാദനത്തിനായി 1500 കോടി രൂപയെങ്കിലും മുതൽ മുടക്കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി,പാൽ, മുട്ട എന്നിവയിൽ രണ്ടോ മൂന്നോ വർഷം കൊണ്ട് സ്വയം പര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യം.
വാണിജ്യ കൃഷിയിൽനിന്നുള്ള പച്ചക്കറി സംഭരണത്തിന് 20 കോടി
പച്ചക്കറിയുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും വികസനത്തിന് 80 കോടി .
വർഷംതോറും ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ 22 കോടി
റബറിന് താങ്ങുവില 170 രൂപ
അഗ്രോ സർവീസ് സെന്ററുകൾക്ക് 9 കോടി
മണ്ണിന്റെയും വേരുകളുടെയും പരിപാലനത്തിനും വിളകളുടെ രോഗ പ്രതിരോധത്തിനും 38കോടി
കൃഷി വിപണനം ശക്തിപ്പെടുത്താൻ 30 കോടി
നെൽ കൃഷിക്ക് 116 കോടി
നെൽകർഷകന് ഹെക്ടറിന് 5500 രൂപ വീതം ധനസഹായം നൽകുന്നതിന് 60 കോടി
2000 രൂപ വീതം റോയൽറ്റിനൽകാൻ 40 കോടി
നെല്ലിന്റെ സംഭരണ വില 28 രൂപയാക്കും.
നാളികേര ക്ലസ്റ്റർ ഒന്നിന് 10 ലക്ഷം രൂപ വീതം നൽകാൻ 10 കോടി
വയനാട് കാപ്പി ബ്രാൻഡ് ആരംഭിക്കാൻ 5 കോടി
വയനാട് കാപ്പിയുടെ 500 വെന്റിംഗ് മെഷീനുകളും കിയോസ്കുകളും ആരംഭിക്കാൻ കുടുംബശ്രീക്ക് 20 കോടി
ബ്രാൻഡഡ് കോഫിക്കായി സംഭരിക്കുന്ന കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ തറവില
മൂവാറ്റുപുഴയാർ ജലസേചന പദ്ധതിക്ക് 40 കോടി
കബനി,ഭവാനി, പമ്പ,കാവേരി തടങ്ങളിലെ ചെറുകിട ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 49 കോടി
16 ഡാമുകൾക്ക് 216 കോടി
ലിഫ്റ്റ് ഇറിഗേഷന് 26 കോടി
മൃഗപരിപാലനത്തിന് 385 കോടി
കന്നുകുട്ടി പരിപാലന പദ്ധതിക്ക് 50 കോടി
മിൽക്ക് ഷെഡ്,തീറ്റപുല്ല് വികസന പദ്ധതിക്ക് 40 കോടി
കാലിത്തീറ്റ സബ്സിഡിക്ക് 14 കോടി
മണ്ണ് ജലസംരക്ഷണത്തിന് 103 കോടി
വിജ്ഞാനത്തിന് ഊന്നൽ,
എല്ലാ വീട്ടിലും ലാപ്ടോപ്
തിരുവനന്തപുരം: ബഡ്ജറ്റ് ഊന്നൽ നൽകുന്ന മേഖലകളിലൊന്നാണ് വിജ്ഞാനം. യുവാക്കളെ നൈപുണ്യ പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ആഗോള തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ അടുത്ത കുതിച്ചുചാട്ടത്തിന് വിദ്യാഭ്യാസ വിപ്ലവം അനിവാര്യമാണ്. കേരളത്തെ നോളഡ്ജ് ഇക്കണോമിയാക്കി (വൈജ്ഞാനിക സമ്പദ്ഘടന) മാറ്റണം.
സ്കൂളുകളിലെ ഡിജിറ്റലൈസേഷൻ ആദ്യപടിയാണ്. എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും. നൂറുദിന കർമ്മപദ്ധതിയിൽ പ്രഖ്യാപിച്ച ലാപ്ടോപ് വിതരണം വിപുലമാക്കും. പട്ടികവിഭാഗം, മത്സ്യത്തൊഴിലാളി, അന്ത്യോദയ വീടുകൾ എന്നീ വിഭാഗങ്ങൾക്ക് പകുതി വിലയ്ക്കും ബി.പി.എല്ലുകാർക്ക് 25ശതമാനം സബ്സിഡിയിലും ലാപ്ടോപ് നൽകും. സബ്സിഡി കഴിഞ്ഞുള്ള തുക മൂന്നവർഷമായി കെ.എസ്.എഫ്.ഇ ചിട്ടിയിൽ തിരിച്ചടയ്ക്കണം. മൈക്രോചിട്ടിയിൽ ചേരുന്നവർക്കെല്ലാം ഏപ്രിലിനകം ലാപ്ടോപ് ലഭ്യമാക്കും.
കെ- ഫോൺ
ജൂലായോടെ കെ-ഫോൺ പൂർത്തിയാക്കി എല്ലാ വീടുകളിലും ഇന്റർനെറ്റെത്തിക്കും. ബി.പി.എല്ലുകാർക്ക് സൗജന്യമായിരിക്കും. മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ എന്നിവ വളരും. കെ-ഫോണിനായി 166കോടി വകയിരുത്തി.