കൊല്ലം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലായി 900 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡ് നൽകും. ഓരോ കേന്ദ്രങ്ങളിലും 100 പേർക്ക് വീതമാണ് ഇന്ന് വാക്സിൻ നൽകുന്നത്. വാക്സിൻ സ്വീകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കും.
രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ചടങ്ങിന് ശേഷമാണ് വാക്സിൻ വിതരണം ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങളും അകലവും കൃത്യമായി പാലിക്കും. ആൾക്കൂട്ടമുണ്ടാവാതിരിക്കാൻ പൊലീസ് നിരീക്ഷണമുണ്ടാകും. വാക്സിൻ നൽകുന്ന സ്ഥലവും നിരീക്ഷണമുറികളും അണുമുക്തമാണെന്നതിനാൽ നിയുക്തരായവരല്ലാത്ത ഒരാൾക്കും ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കില്ല.
രണ്ടാംഘട്ടത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻനിരയിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്കും മൂന്നാംഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും. ആദ്യ ഡോസ് എടുത്തവർ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. 28 ദിവസങ്ങൾക്കുള്ളിലാണ് രണ്ടാമത്തെ വാക്സിൻ എടുക്കേണ്ടത്. രണ്ട് പ്രാവശ്യം വാക്സിൻ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ.
25,960 ഡോസുകൾ എത്തി
തിരുവനന്തപുരം റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്ന് 25,960 ഡോസ് കൊവിഡ് 19 വാക്സിനാണ് (കോവിഷീൽഡ്) കൊല്ലം സ്കൂൾ ഒഫ് നഴ്സിംഗ് അങ്കണത്തിൽ എത്തിയത്.