തൃശ്ശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. വരന്തരപ്പിള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമി(24)യാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടി മരിക്കുന്നതിന് മുമ്പ് അഭിരാമി പീഡിപ്പിച്ചുവെന്നാണ് കേസ്. മരിച്ച പെൺകുട്ടിയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് യുവതി താക്കീത് നൽകിയിരുന്നു. മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുവതിയ്ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.
അഭിരാമിയ്ക്ക് മരിച്ച പെൺകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ചില ആരോപണങ്ങൾ ഉണ്ടായിരുന്നു. അന്വേഷണത്തിനിടയിൽ ബന്ധുക്കൾ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച തെളിവുകൾ യുവതിയുടെ ഫോണിൽനിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു.