സോൾ: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഉത്തര കൊറിയ. രാജ്യത്ത് അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ മിസൈലുകൾ പ്രദർശിപ്പിച്ച സൈനിക പരേഡിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സാക്ഷ്യം വഹിച്ചു. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകൾ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ മിസൈലിന്റെ യഥാർഥ ശേഷിയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
സൈനിക പരേഡിന് പിന്നാലെ നടന്ന രാഷ്ട്രീയ യോഗത്തിൽ തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അമേരിക്ക എന്ന് കിം പറഞ്ഞിരുന്നു. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് പുതിയ അവകാശവാദവുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. അതിനാൽത്തന്നെ ബൈഡന്റെ ശ്രദ്ധ നേടലാണോ ഇതുകൊണ്ട് കിം ജോങ് ലക്ഷ്യമിടുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അടുത്തിടെ കിം നിരവധി മിസൈലുകൾ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സൈനിക പരേഡിൽ ഇതേ മിസൈലിന്റെ ചെറിയ പതിപ്പ് പുറത്തിറക്കിയിരുന്നു. പുതിയ മിസൈലുകളിൽ പലതിന്റെയും ശക്തി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് അമേരിക്കൻ ആക്രമണത്തിനെതിരായ ഒരു പ്രതിരോധമെന്ന നിലയിൽ അവയുടെ മൂല്യം കുറയ്ക്കുന്നത്.
വിപ്ലവത്തിന് ഏറ്റവും വലിയ വെല്ലുവിളിയായ അമേരിക്കയെ അട്ടിമറിക്കുന്നതിലാവണം ഉത്തരകൊറിയയുടെ ശ്രദ്ധ. അമേരിക്കയില്‍ ആരാണ് അധികാരത്തിലെന്നതില് കാര്യമില്ല. അവരുടെ യഥാര്‍ഥ നയം ഉത്തരകൊറിയയ്ക്കെതിരെയാണ്. അതൊരിക്കലും മാറില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് കിം പറഞ്ഞിരുന്നു.