സൗരയൂഥത്തിലെ വാതക ഭീമനായ വ്യാഴത്തിന്റെ ഉപഗ്രഹം ഗാനിമീഡിൽ നിന്ന് ആദ്യമായി എഫ്.എം റേഡിയോ സിഗ്നലുകൾ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. എന്നാൽ, ഇത് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമല്ല, മറിച്ച് പ്രകൃതി പ്രതിഭാസമാണെന്നും നാസ വിശദീകരിച്ചു. ഗാനിമീഡ് തന്നെയാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം.
ഗാനിമീഡിന്റെ വൈദ്യുത കാന്തിക മണ്ഡലത്തിന്റെ പ്രഭാവം മൂലമുള്ള ഇലക്ട്രോണുകളിൽ നിന്നാണ് സിഗ്നലുകൾ ഉത്ഭവിക്കുന്നതെന്ന് നാസ പറയുന്നു. നാസയുടെ ഉപഗ്രഹമായ ജൂണോ ആണ് നിർണായക വിവരങ്ങൾ കൈമാറിയത്. ഇതോടെ ഈ വർഷം ജൂലായിൽ അവസാനിക്കാനിരുന്ന ജൂണോ മിഷന്റെ കാലാവധി നീട്ടാൻ നാസ തീരുമാനിച്ചിട്ടുണ്ട്. 2011ൽ വിക്ഷേപിക്കപ്പെട്ട ജൂണോ 2016 മുതൽ വ്യാഴത്തെ പ്രദിക്ഷണം ചെയ്യുകയാണ്.
ഭൂമിയിലെ സമുദ്ര ജലത്തിന്റെ 25 ഇരട്ടിയോളം ജലം ഗാനിമീഡിലുണ്ടെന്നാണ് കരുതപ്പെടുന്നത്. 800 കിലോമീറ്ററോളം ആഴത്തിലുള്ള സമുദ്രങ്ങളാകാം ഗാനിമീഡിലെന്നാണ് നിഗമനം. ഓക്സിജനാണ് ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം. ഐസ് ഉപരിതലങ്ങൾക്കടിയിൽ സമുദ്രം മറഞ്ഞു കിടക്കുന്നതായി കരുതപ്പെടുന്ന സൗരയൂഥത്തിലെ അഞ്ച് ഉപഗ്രങ്ങളിൽ ഒന്നാണ് ഗാനിമീഡ്. ഇതിൽ യുറോപ്പ, കാലിസ്റ്റോ എന്നീ ഉപഗ്രഹങ്ങൾ വ്യാഴത്തെ ചുറ്റുന്നു. മറ്റൊരു വാതക ഭീമനായ ശനിയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങളായ ടൈറ്റൻ, എൻസെലാഡസ് എന്നിവയാണ് മറ്റ് രണ്ടെണ്ണം.