SignIn
Kerala Kaumudi Online
Sunday, 28 February 2021 1.03 PM IST

കോപ്പിയടി സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചിട്ട് പതിറ്റാണ്ട്, പ്രോസിക്യൂട്ടറെ നിയമിക്കാതെ കേസ് ചവിട്ടിത്താഴ്ത്തി, പൊലീസിലുൾപ്പെടെയുള്ള പ്രതികൾ ഉന്നതസ്ഥാനങ്ങളിൽ വിലസുന്നു

psc

തിരുവനന്തപുരം: അന്വേഷണവും കുറ്റപത്ര സമർപ്പണവും പൂർത്തിയായി പതിറ്റാണ്ട് കഴിഞ്ഞിട്ടും സംസ്ഥാനത്തെ ആദ്യ പി.എസ്.സി തട്ടിപ്പ് കേസിന്റെ വിചാരണ ഇനിയും തുടങ്ങിയില്ല. പൊലീസിലേതുൾപ്പെടെ വിവിധ ഡിപ്പാർട്ട് മെന്റ് പരീക്ഷകളിൽ കോപ്പിയടിച്ച് ഉദ്യോഗാർത്ഥികൾ സർവീസിൽ പ്രവേശിച്ച സംഭവത്തിലാണ് വിചാരണ ആരംഭിക്കാതെ കേസ് ചവിട്ടിത്താഴ്‌ത്തിത്.

കേസിലെ മുഖ്യപ്രതിയായ കൊല്ലം സ്വദേശി പ്രകാശ് ലാൽ ആത്മഹത്യ ചെയ്യുകയും ഇതിലൂടെ ജോലിയിൽ പ്രവേശിച്ചവർ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുകയും ചെയ്യുമ്പോൾ, സാക്ഷികളും തെളിവുകളും ഇല്ലാതായി കേസ് ദുർബലപ്പെടുമ്പോൾ തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിചാരണ വൈകിക്കുന്നതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

തിരിമറി എസ്.ഐ തസ്തിക ഉൾപ്പെടെ
ആറോളം പരീക്ഷകളിൽ

സംസ്ഥാന പൊലീസിൽ ജനറൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ എസ്.ഐ തസ്തികയുൾപ്പെടെ അരഡസനോളം പരീക്ഷകളിൽ ആൾമാറാട്ടവും ചോദ്യ പേപ്പർ ചോർത്തലും നടത്തിയ കേസാണത്. ഒന്നര വർഷം മുമ്പ് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ മുൻ എസ്.എഫ്.ഐ നേതാക്കളായ മൂന്നുപേർ പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയത് വിവാദമായപ്പോൾ പത്ത് കൊല്ലം മുമ്പ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പി.എസ്.സി പരീക്ഷാതട്ടിപ്പായിരുന്നു ഇത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികൾ അകത്തായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോഴത്തെ തട്ടിപ്പ് പുറത്തുവന്നത്.

ചുരുളഴിച്ചത് ഉൗമക്കത്ത്

ഒരു ഊമക്കത്താണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. 2010ൽ പി.എസ്.സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ചവറ ശങ്കരമംഗലം സ്കൂളിൽ ആൾമാറാട്ടവും ക്രമക്കേടും നടന്നു എന്ന് കാട്ടിയാണ് അന്ന് പി.എസ്.സിക്ക് ഊമക്കത്ത് ലഭിച്ചത്. അതാണ് അന്നത്തെ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.

കൊല്ലം വാളത്തുംഗൽ സ്വദേശി സുന്ദർദാസ് ആൾമാറാട്ടം വഴി ശങ്കരമംഗലം സ്കൂളിൽ പി.എസ്.സി പരീക്ഷയിൽ പങ്കെടുത്തുവെന്നായിരുന്നു കത്ത്. ഊമക്കത്ത് വിശദമായി അന്വേഷിക്കാൻ പി.എസ്.സി അന്നത്തെ കൊല്ലം കമ്മിഷണറായിരുന്ന ഇപ്പോഴത്തെ റേഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറി. കൊല്ലം ഈസ്റ്റ് സി.ഐയായിരുന്ന (ഇപ്പോഴത്തെ ട്രാഫിക് എസ്.പി) ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടുപിടിക്കപ്പെട്ടത്.

ആൾമാറാട്ടവും കോപ്പിയടിയും

ഹാൾ ടിക്കറ്റിൽ ഫോട്ടോ മാറ്റിയൊട്ടിച്ചായിരുന്നു ആൾമാറാട്ടം. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ തട്ടിപ്പിനെക്കുറിച്ച് നടന്ന അന്വേഷണത്തിലാണ് അക്കാലത്ത് പി.എസ്.സി നടത്തിയ എസ്.ഐ പരീക്ഷ, രണ്ട് എൽ.ഡി.സി പരീക്ഷകൾ, എച്ച്.എസ്.എ തുടങ്ങി അരഡസനോളം പരീക്ഷകളിലെ ക്രമക്കേട് വ്യക്തമായത്. ആറ്റിങ്ങലിലെ വ്യവസായ വകുപ്പ് ഓഫീസിലെ ജീവനക്കാരനായ കൊല്ലം സ്വദേശി പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിലെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിക്കുന്ന മൊബൈൽ ഫോണുമായി പരീക്ഷാഹാളിൽ പ്രവേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഫോൺ വഴി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കൈമാറുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പാരലൽ കോളേജിൽ കേന്ദ്രീകരിച്ച് പരീക്ഷാ ദിവസങ്ങളിൽ ഉത്തരങ്ങൾ ആവശ്യക്കാ‌ർക്ക് ഫോൺ വഴി നൽകിയിരുന്നത്. ഇൻവിജിലേറ്റർമാർ അറിയാതെ പരീക്ഷാ ഹാളിൽ നിന്ന് പുറത്തേക്ക് ചുരുട്ടിയിടുന്ന ചോദ്യപ്പേപ്പർ കടത്തിക്കൊണ്ടുപോയി ഫോൺ വഴി പറഞ്ഞുകൊടുക്കുന്ന രീതിയും കണ്ടെത്തി.

പ്രകാശ് ലാലിന്റെ

മരണത്തിൽ ദുരൂഹത

കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രധാന പ്രതി പ്രകാശ് ലാലിനെ രണ്ട് വർഷം മുമ്പ് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മരണവും ദുരൂഹമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രകാശ് ലാലുൾപ്പെടെ 39 പ്രതികളെയാണ് പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ യുവാവും തട്ടിപ്പിൽ അറസ്റ്റിലായിരുന്നു. ഈ തട്ടിപ്പ് പുറത്തുവന്നതോടെയാണ് ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്നതും പരീക്ഷഹാളിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തിയതുമുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പി.എസ്.സി നടപ്പാക്കിയത്.

സർക്കാർ തീരുമാനിച്ചു,

സ്പെഷ്യൽ പ്രോസിക്യൂട്ടറെ കിട്ടാനില്ല!!

പത്ത് കൊല്ലം മുമ്പ് നടന്ന ഈ പരീക്ഷാതട്ടിപ്പ് കേസ് വിചാരണ കാത്ത് കഴിയുകയാണ്. ഇതുവരെ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം നടന്നിട്ടില്ല. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ആരെ നിയമിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

അട്ടിമറിക്ക് പിന്നിലാര്?

തട്ടിപ്പ് കേസിൽ പ്രതിയായി റിമാൻഡിലായതോടെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രകാശ് ലാൽ പിന്നീട് മദ്യത്തിനടിമയായി മാറി. ചോദ്യപേപ്പർ പരീക്ഷാ ഹാളിന് പുറത്തെത്തിച്ച് ഉത്തരങ്ങൾ നിമിഷങ്ങൾകൊണ്ട് മൊബൈൽഫോൺ വഴി ഉദ്യോഗാർത്ഥികൾക്ക് കൈമാറുന്ന തന്ത്രത്തിന്റെ സൂത്രധാരൻ പ്രകാശ് ലാലായിരുന്നു. കേസിലെ പ്രധാന പ്രതിയായ പ്രകാശ് ലാൽ മുഖാന്തരമാണ് കൊല്ലത്തും പരിസരത്തുമുള്ള നിരവധിപേർ പൊലീസ് സബ് ഇൻസ്പെക്ടർമാരായും എൽ.ഡി ക്ളാർക്കുമാരായും മറ്റ് നിരവധി തസ്തികകളിലും ജോലിയിൽ പ്രവേശിച്ചത്.


പൊലീസിലെ ആർക്കുമെതിരെ

നടപടിയുണ്ടായില്ല

പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയെങ്കിലും തട്ടിപ്പിലൂടെ ജോലിയിൽ പ്രവേശിച്ചവരെ തിരിച്ചറിയുകയും ചെയ്തെങ്കിലും അവരിൽ ചുരുക്കം ചിലർക്ക് മാത്രമാണ് കേസിൽ പ്രതിയായതോടെ ജോലി നഷ്ടപ്പെട്ടത്. എന്നാൽ പൊലീസിൽ ജോലിയിൽ പ്രവേശിച്ച ആർക്കുമെതിരെ അറസ്റ്റോ പിരിച്ചുവിടലോ ഉണ്ടായതുമില്ല. ഇത് വൻ ആരോപണങ്ങൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. പ്രകാശ് ലാലിന്റെ സഹായത്തോടെ ജോലിയിൽ പ്രവേശിച്ച പലരും സംസ്ഥാന പൊലീസ് സേനയിൽ ഇപ്പോൾ സി.ഐ മാരായും ഡിവൈ.എസ്.പിമാരായും സർവ്വീസിലുണ്ടെന്ന കാര്യം അങ്ങാടിപ്പാട്ടാണ്. ഇവരെല്ലാം രാഷ്ട്രീയമായും ഭരണരംഗത്തും നല്ല സ്വാധീനമുള്ളവരുമാണ്. കേസിൽ പ്രതിയാകാതെ തലയൂരിയ ഇവരിൽ ചിലരുടെ സ്വാധീനമാണ് പ്രോസിക്യൂട്ടർ നിയമനവും വിചാരണയും വൈകുന്നതിന് കാരണമെന്നും പറയപ്പെടുന്നു.

ഇപ്പോഴത്തെ തട്ടിപ്പ് എങ്ങനെ?

ആദ്യപി.എസ്.സി തട്ടിപ്പ് കേസ് കുഴിച്ചുമൂടപ്പെട്ടശേഷമാണ് അടുത്തിടെയുണ്ടായ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുൾപ്പെട്ട രണ്ടാമത്തെകേസുണ്ടായത്.

കെ.എ.പി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കാസർകോട് റാങ്ക് പട്ടികയിൽ യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് ഒന്നാം റാങ്കും സഹപാഠിയായ പ്രണവ് രണ്ടാം റാങ്കും കൂട്ടുപ്രതിയായ നസിം 28-ാം റാങ്കും നേടിയതിലാണ് പിന്നീട് തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചത്. പരീക്ഷ നടക്കുന്ന സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേയ്ക്ക് 96 സന്ദേശങ്ങളും പ്രണവിന്റെ ഫോണിലേയ്ക്ക് 78 സന്ദേശങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് നടന്ന ഹൈടെക് പരീക്ഷാത്തട്ടിപ്പ് പുറത്തായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈകേസും കുറ്രപത്ര സമർപ്പണം പൂർത്തിയാക്കി വിചാരണകാത്ത് കഴിയുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, PSC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.