വുഹാൻ: കൊവിഡ് രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടന പ്രതിനിധികൾ എത്തിയ ദിനം തന്നെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റിന് ബഹുമതി നൽകി ചൈനീസ് സർക്കാർ. 'ബാറ്റ് വുമൺ' എന്ന പേരിൽ അറിയപ്പെടുന്ന ഷി സെംഗ്ളിയെയാണ് ചൈനീസ് സർക്കാർ ആദരിച്ചത്. വവ്വാലുകളിലും അവയിലെ വൈറസുകളെയും കുറിച്ച് നടത്തിയ മികച്ച പഠനങ്ങൾക്കാണ് ബഹുമതിയെന്ന് ചൈനീസ് ഭരണകൂടം പറയുന്നു.
ലോകത്ത് കൊവിഡ് പൊട്ടിപ്പുറപ്പെടാൻ കാരണം വുഹാനിലെ ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പടെ ലോകനേതാക്കൾ പലരും പറഞ്ഞിരുന്നത്. ഇവിടെ നിന്നോ സമീപത്തുളള സമുദ്രോൽപ്പന്ന മാർക്കറ്റിൽ നിന്നോ ആകാം രോഗം പുറത്തെത്തിയത് എന്നാണ് കരുതുന്നത്. ഇതിനിടെയാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയെ തന്നെ സർക്കാർ ആദരിക്കുന്നത്. നിരവധി പ്രതിസന്ധികൾ മറികടന്ന് ശാസ്ത്രത്തിന്റെ മാർഗങ്ങളിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഷി തന്റെ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ഇവരെ ആദരിച്ചുകൊണ്ട് ചൈനീസ് ഭരണകൂടം അറിയിച്ചത്.
കൊവിഡ് രോഗത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ ശേഷം മാസങ്ങളോളം ഷി സെഗ്ളിയെ കാൺമാനില്ലായിരുന്നു. ഇവരുടെ തിരോധാനത്തെ കുറിച്ച് പല കഥകളും പ്രചരിച്ചു. ഇതിന് ശേഷം പെട്ടെന്നാണ് ഷി പൊതുസമൂഹത്തിൽ തിരികെയെത്തിയത്. വുഹാനിൽ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാദത്തെ ഷി അന്ന് പരസ്യമായി എതിർത്തു.
ഇതിനിടെ രോഗ ഉത്ഭവത്തെ കുറിച്ച് പഠിക്കാനെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങൾ ഇപ്പോൾ വുഹാനിലെ ഹോട്ടലിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുകയാണ്. ഇത് പൂർത്തിയായ ശേഷം 2019 ഡിസംബറിൽ രോഗം പൊട്ടിപ്പുറപ്പെട്ട ഭാഗങ്ങൾ സംഘാംഗങ്ങൾ സന്ദർശിക്കും. ഇതിനിടെ ലോകാരോഗ്യ സംഘടനയുടെ രണ്ട് അംഗങ്ങളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ചൈന വിലക്കി. ഒരു ബ്രിട്ടീഷ് ഗവേഷകനെയും ഒരു സുഡാൻ സ്വദേശിയായ ഗവേഷകനെയുമാണ് വിലക്കിയത്. ഇവർക്ക് ആദ്യം നടത്തിയ ടെസ്റ്റിൽ കൊവിഡ് പോസിറ്റീവായി. പിന്നീട് നടത്തിയ ടെസ്റ്റിൽ ബ്രിട്ടീഷ് പൗരന് കൊവിഡ് നെഗറ്റീവായി.
ലോകാരോഗ്യ സംഘടനാ അംഗങ്ങളിൽ അമേരിക്ക, ഓസ്ട്രേലിയ, ജർമ്മനി. ജപ്പാൻ, ബ്രിട്ടൺ, റഷ്യ, നെതർലാന്റ്സ്, ഖത്തർ,വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ ഗവേഷകരാണുളളത്. ചൈന ഇതുവരെ ഔദ്യോഗികമായി 87,988 കൊവിഡ് കേസുകളും 4635 മരണങ്ങളും മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുളളത്.