പുനലൂർ: കാമുകനൊപ്പം സ്കൂട്ടറിൽ ഉല്ലാസയാത്ര നടത്തിയ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞുനിറുത്തി പൊലീസിൽ ഏൽപ്പിച്ചു. ഒരു കുട്ടിയുടെ മാതാവാണ് യുവതി. കാമുകനായ യുവാവ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ഇടമൺ യു.പി സ്കൂൾ ജംഗ്ഷനിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കറവൂർ സ്വദേശിയായ യുവാവും ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയും ചേർന്നാണ് തെന്മല ഇക്കോ ടൂറിസം മേഖലയുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ സ്കൂട്ടറിൽ എത്തിയത്. യുവതിയെ തിരിച്ചറിഞ്ഞ സുഹൃത്തുക്കൾ മാത്ര സ്വദേശിയായ ഭർത്താവിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടൻതന്നെ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിലെത്തി ഇടമണിൽ വച്ച് കമിതാക്കളെ പിടികൂടുകയായിരുന്നു.
യുവതിയും ഭർത്താവും തമ്മിൽ നടുറോഡിൽ വച്ച് വാക്കേറ്റമുണ്ടായതോടെ നാട്ടുകാരും യാത്രക്കാരും പ്രദേശത്ത് തടിച്ചുകൂടി. ഇതോടെ സംഭവം പന്തികേടാണെന്ന് മനസിലാക്കിയ കാമുകൻ ഇവരുടെ സമീപത്ത് മാറി ഒളിച്ചുനിന്നു. ഇതിനിടെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്ന് തെന്മല പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ എത്തിച്ചു. യുവതിയെ സ്വീകരിക്കാൻ ഭർത്താവ് വിസമ്മതിച്ചതോടെ കാമുകനൊപ്പം പറഞ്ഞുവിട്ട് പൊലീസ് സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു.