ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന രക്ത സമ്മർദ്ദം കണ്ടെത്തിയാലുടൻ അത് വൃക്കകളെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിന് നേരത്തെ പറഞ്ഞ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇനി പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാത്ത പ്രൈമറി ഹൈപ്പർ ടെൻഷനാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ആഹാരത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നതാണ്. ഒരു ദിവസം രണ്ട് മില്ലിഗ്രാമിൽ കൂടുതൽ ഉപ്പ് ഉപയോഗിക്കരുത്. അതായത് ഒരു ടീസ്പ്പൂൺ ഉപ്പ് മാത്രമേ ഒരു ദിവസം ഉപയോഗിക്കാവൂ എന്നർത്ഥം. കൃത്യമായ വ്യായാമമാണ് മറ്റൊരുപ്രധാന കാരണം. ആഴ്ചയിൽ അഞ്ച് ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. അമിത ടെൻഷൻ ഒഴിവാക്കി മാനസികാരോഗ്യത്തോടെയുള്ള ജീവിതം നയിക്കാനുള്ള ശ്രമവും വേണം. അമിതകൊഴുപ്പുള്ളത്, മധുരമുള്ളത്, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കുക.
ഉയർന്ന രക്തസമ്മർദ്ദം കണ്ടുപിടിച്ചാലുടൻ ഡോക്ടറെ കണ്ട് ബി.പി നോക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് ആവശ്യമെങ്കിൽ കഴിക്കുക. സ്ഥിരമായി ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. ഡോക്ടറുടെ ഉപദേശമില്ലാതെ സ്വയം മരുന്ന് കൂട്ടാനോ കുറയ്ക്കാനോ നിർത്താനോ പാടില്ല.
ഉയർന്ന രക്തസമ്മർദ്ദം എന്നത് പ്രമേഹം പോലെ ഒരു ജീവിതശൈലീരോഗമാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കും. ഹൃദയാഘാതം, മസ്തിഷ്കാഘാതം, വൃക്കസ്തംഭനം, കാഴ്ച്ച കുറയൽ തുടങ്ങിയവ അവയിൽ ചിലതാണ്. ശരിയായ ആഹാരവും ചിട്ടയായ വ്യായാമവും നല്ല മാനസികാരോഗ്യവും ഉയർന്ന രക്തസമ്മർദ്ദം തടയാൻ സഹായിക്കും. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് 30 വയസ് കഴിഞ്ഞാൽ വർഷത്തിലൊരിക്കലെങ്കിലും ബി.പി നോക്കുക. അഥവാ ബി.പി കൂടുതലാണെങ്കിൽ ആഹാരക്രമീകരണത്തിലൂടെ കുറയ്ക്കാൻ നോക്കുക. എന്നിട്ടും സാധിച്ചില്ലെങ്കിൽ ഡോക്ടറുടെ ഉപദേശം തേടണം.