വാഷിംഗ്ടൺ: വാക്സിൻ വിതരണം അതിവേഗം പുരോഗമിക്കുന്നതിനിടെ ലോകത്ത് കൊവിഡ് മരണം 20 ലക്ഷം കവിഞ്ഞു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ 2,019,916 പേരാണ് മരിച്ചത്. മരണം 2.9 ദശലക്ഷത്തിൽ എത്തിയേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത് അമേരിക്കയാണ്. എന്നാൽ, യൂറോപ്യൻ രാജ്യങ്ങളിലെ ആകെ മരണനിരക്ക് അമേരിക്കയെക്കാൾ ഏറെ കൂടുതലാണ്. അമേരിക്കയിൽ 401,856 പേർ മരിച്ചപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ ആകെ മരണം 6,50,560 ആണ്. ചൈനയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട് ഒമ്പത് മാസത്തിന് ശേഷം, അതായത് 2020 സെപ്തംബർ 28 നാണ് മരണം 10 ലക്ഷം കടന്നത്. പിന്നീട്, നാല് മാസത്തിനുള്ളിൽ മരണം 20 ലക്ഷം കടന്നു. കഴിഞ്ഞ ആഴ്ച മാത്രം ശരാശരി 13,600 പേർ ലോകത്ത് മരിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ആകെ രോഗികളുടെ എണ്ണം പത്തുകോടിയിലേക്ക് അടുക്കുകയാണ്. 67,447,533 പേർ രോഗവിമുക്തരായി.
ബ്രിട്ടനിൽ കടുത്ത യാത്രാ നിയന്ത്രണങ്ങൾ
കൊവിഡിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ തിങ്കളാഴ്ച മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തും. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമായ ട്രാവൽ കോറിഡോറുകൾ പൂർണമായി അടയ്ക്കും. ഫെബ്രുവരി 15 വരെയായിരിക്കും പുതിയ നിയന്ത്രണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തത് മൂലമാണ് രാജ്യത്തിന് പുറത്തു നിന്നെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. വാക്സിനെ അതിജീവിക്കാൻ കഴിയുമെന്ന് കരുതുന്ന പുതിയ വകഭേദത്തിന്റെ വ്യാപനത്താൽ ഇതു വരെയുള്ള കഠിനാധ്വാനം പാഴാകാൻ ഇടയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രതിരോധ വാക്സിന് വിതരണത്തെ പ്രധാനമന്ത്രി പ്രകീർത്തിക്കുകയും ചെയ്തു.
രോഗമില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന വിദേശ യാത്രക്കാർക്ക് മാത്രമേ തിങ്കളാഴ്ച മുതൽ
പ്രവേശനം ലഭിക്കൂ. എന്നാൽ, ഇവർക്ക് സമ്പർക്ക വിലക്കേർപ്പെടുത്തും. പിന്നീട്, അഞ്ച് ദിവസത്തിന് ശേഷം പരിശോധനയും നടത്തും.
അതേസമയം, ബ്രസീലിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തെക്കേ അമേരിക്കയും പോർച്ചുഗലുമടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയിരുന്നു.
മരണം കൂടുതലുള്ള രാജ്യങ്ങൾ
അമേരിക്ക - 401,856
ബ്രസീൽ - 208,291
ഇന്ത്യ - 152,130
മെക്സിക്കോ - 139,022
ബ്രിട്ടൻ - 87,295