തിരുവനന്തപുരം: അന്താരാഷ്ട്ര ശ്രദ്ധനേടിയ കേരളാ ടൂറിസത്തിന്റെ 'ഉത്തരവാദിത്ത ടൂറിസം" മാതൃക പകർത്താൻ മദ്ധ്യപ്രദേശ് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ധാരണാപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രനും മദ്ധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷാ താക്കൂറും തമ്മിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൈമാറി.
ഇതുപ്രകാരം ഉത്തരവാദിത്ത ടൂറിസം മിഷൻ 16 ഇന പരിപാടി മദ്ധ്യപ്രദേശിൽ നടപ്പാക്കും. ടൂറിസത്തിന്റെ സമ്പൂർണ വികസനം ഉത്തരവാദിത്ത ടൂറിസത്തിലൂടെയേ സാദ്ധ്യമാകൂ എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗ്രാമീണ വികസനവും ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനവുമാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ കാതൽ.
കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ കൃഷ്ണ തേജ, മദ്ധ്യപ്രദേശ് ടൂറിസം ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി സോണിയ മീണ, ഡയറക്ടർ മനോജ് കുമാർ സിംഗ്, വാർഡ് കൗൺസിലർ ഡോ.കെ.എസ്. റീന, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഐ.എ.ടി.ഒ സീനിയർ വൈസ് പ്രസിഡന്റ് ഇ.എം.നജീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.