ന്യൂഡൽഹി: 2020ലെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഇന്റർനാഷണൽ മൈഗ്രേഷൻ 2020 ഹൈലൈറ്റ്സ് എന്ന റിപ്പോർട്ടിലാണിത്.
2020ൽ 1.8 കോടി ആളുകളാണ് ഇന്ത്യയ്ക്ക് പുറത്ത് കഴിയുന്നതെന്ന് യു.എൻ. ഡിപ്പാർട്ട്മെന്റ് ഒഫ് ഇക്കണോമിക്സ് ആൻഡ് സോഷ്യൽ അഫയേഴ്സിന്റെ (യു.എൻ.ഡി.ഇ.എസ്.എ) പോപ്പുലേഷൻ വിഭാഗം ഉദ്യോഗസ്ഥ ക്ലെയർ മെനോസി പറഞ്ഞു.
വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പോപ്പുലേഷൻ അഫയേഴ്സ് ഓഫീസറായ ക്ലെയർ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ ഊർജസ്വലവും ചലനാത്മകവുമായ പ്രവാസി സമൂഹമാണ് ഇന്ത്യക്കാരുടേതെന്നും ക്ലെയർ പറഞ്ഞു.
യു.എ.ഇ, യു.എസ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്. യു.എ.ഇയിൽ 35 ലക്ഷം, യു.എസിൽ 27 ലക്ഷം, സൗദി അറേബ്യയിൽ 25 ലക്ഷം എന്നിങ്ങനെയാണ് പ്രവാസി ഇന്ത്യക്കാരുടെ സാന്നിദ്ധ്യം. ആസ്ട്രേലിയ, കാനഡ, കുവൈത്ത്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യു.കെ എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം വലിയ തോതിലുണ്ട്.
പ്രവാസികളുടെ കാര്യത്തിൽ മെക്സിക്കോയും റഷ്യയുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ഇരു രാജ്യങ്ങളിലെയും 1.1 കോടി വീതം ആളുകളാണ് വിദേശത്തുള്ളത്. ചൈനയിൽ നിന്നുള്ള ഒരു കോടിയാളുകളും സിറിയയിൽ നിന്നുള്ള എൺപതുലക്ഷം പേരും വിദേശത്ത് കഴിയുന്നുണ്ട്.