കോട്ടയം: നഷ്ടം മൂലം റബർ കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ സംഭരണ വില 150ൽ നിന്ന് 170 രൂപയാക്കി ഉയർത്തിയത് മദ്ധ്യ കേരളത്തിൽ ഇടതു മുന്നണിക്ക് നേട്ടമാകുമെന്ന് വിലയിരുത്തൽ. കോട്ടയം, ഇടുക്കി ,പത്തനംതിട്ട ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര മുന്നേറ്റം നിയമസഭയിലും നിലനിറുത്താൻ റബ്ബർ രാഷ്ട്രീയം സഹായിക്കുമത്രേ.
കഴിഞ്ഞ നാലുവർഷവും റബർ സംഭരണ വില 150 രൂപയായി തുടരുകയായിരുന്നു. താങ്ങുവില ഉയർത്തണമെന്ന് കർഷകർ പലതവണ ആവശ്യപ്പെട്ടിരുന്നു. റബ്ബർ വെട്ടി, മറ്റ് കൃഷികളിലേക്ക് നീങ്ങിയിട്ടും സഹായമുണ്ടായിരുന്നില്ല.
ഇപ്പോൾ സംഭരണ വില 170 ആക്കിയത് ഇടതുമുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാം. ഒപ്പം തങ്ങൾ ഇടതു മുന്നണിയിലെത്തിയ ശേഷം നടത്തിയ സമ്മർദ്ദത്തിന്റെ ഫലമാണിതെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും അവകാശപ്പെടാം. ഇത് വോട്ട് ലക്ഷ്യമിട്ടാണെന്നും മുൻ വർഷങ്ങളിലെ സബ്സിഡി പണം പോലും കൊടുക്കാത്തതിനാൽ ഇത് കടലാസ് പദ്ധതിയാകുമെന്നുമാണ് പ്രതിപക്ഷ പ്രചാരണം.
ഒരു കിലോ റബ്ബറിന്റെ വിപണി വില 146 രൂപയാണെങ്കിൽ താങ്ങ് വില 170 ആക്കിയതോടെ അധികമുള്ള 24 രൂപ ബ്സിഡിയായി സർക്കാർ നൽകുന്നതാണ് പദ്ധതി. സാമ്പത്തിക പ്രതിസന്ധി കാരണം ഒന്നര വർഷമായി 30 കോടി കുടിശിക റബർ കർഷകർക്ക് ഇടതു സർക്കാർ നൽകാനുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണ് 150 രൂപ വിലസ്ഥിരതയാക്കിയത്. അഞ്ചുവർഷത്തിന് ശേഷം 20 രൂപ മാത്രം വർദ്ധിപ്പിച്ചത് നേട്ടമായി ജോസ് വിഭാഗം പ്രചരിപ്പിക്കുമ്പോൾ താൻ മുഖ്യമന്ത്രിയിലും ധനമന്ത്രിയിലും സമ്മർദ്ദം ചെലുത്തി നേടിയെടുത്തെന്നാണ് മാണി സി. കാപ്പന്റെ അവകാശവാദം. പാലാ സീറ്റിന്റെ പേരിൽ ഇടഞ്ഞു നിൽക്കുന്ന കാപ്പനും ജോസും ഇതിന്റെ പേരിൽ വാക് പോര് ആരംഭിച്ചിട്ടുമുണ്ട്. .