നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മൂന്നാം സെഷൻ മഴ അപഹരിച്ചു
ആസ്ട്രേലിയ 369ന് ആൾഔട്ട്, ഇന്ത്യ 69/2, പുറത്തായത് രോഹിതും(44) ഗില്ലും (7)
ബ്രിസ്ബേൻ : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള നിർണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാൻ മഴയും. രണ്ടാം ദിവസമായ ഇന്നലെ മൂന്നാം സെഷൻ മുഴുവൻ മഴകൊണ്ടുപോയപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 62/2 എന്ന നിലയിൽ നിറുത്തിവച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 274/5 എന്ന നിലയിൽ പുനരാരംഭിച്ച ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 369ൽ അവസാനിപ്പിച്ച ശേഷമാണ് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയത്. ഓപ്പണർമാരായ രോഹിത് ശർമ്മയെയും (44) ശുഭ്മാൻ ഗില്ലിനെയുമാണ് (7) ഇന്ത്യയ്ക്ക് നഷ്ടമായത്. 307 റൺസ് പിന്നിലാണ് ഇപ്പോൾ ഇന്ത്യ.
ഇന്നലെ രാവിലെ ആതിഥേയ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ആസ്ട്രേലിയൻ ക്യാപ്ടൻ ടിം പെയ്ൻ (50) അർദ്ധസെഞ്ച്വറിയും കാമറൂൺ ഗ്രീൻ 47 റൺസും നേടിയാണ് പുറത്തായത്.ടീം സ്കോർ 311ൽ വച്ച് ശാർദ്ദൂൽ താക്കൂറാണ് പെയ്നെ രോഹിത് ശർമ്മയുടെ കയ്യിലെത്തിച്ചത്. രണ്ട് റൺസ് കൂടി നേടുന്നതിനിടെ ഗ്രീനിനെയും നഷ്ടമായി. വാഷിംഗ്ടൺ സുന്ദർ ഗ്രീനിനെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു.315 റൺസിൽ കമ്മിൻസിനെയും (2) മടക്കി അയച്ചെങ്കിലും നൂറാം ടെസ്റ്റിനിറങ്ങിയ നേഥാൻ ലിയോണും (24) മിച്ചൽ സ്റ്റാർക്കും (20*) ചേർന്ന് 350 കടത്തി.ടീം സ്കോർ 354ൽ വച്ച് ലിയോണിനെ സുന്ദർ മടക്കി അയച്ചു. ജോഷ് ഹേസൽവുഡിനെ(11) നടരാജൻ ക്ളീൻ ബൗൾഡാക്കിയതോടെ ആസ്ട്രേലിയ 369 റൺസിൽ ആൾഔട്ടാവുകയും കളി ലഞ്ചിന് പിരിയുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച നടരാജനും വാഷിംഗ്ടൺ സുന്ദറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 2018ൽ വിൻഡീസിനെതിരായ അരങ്ങേറ്റടെസ്റ്റിൽ വെറും 10 പന്തുകൾ മാത്രമെറിഞ്ഞ് പരിക്കേറ്റു പുറത്തായ ശേഷമുള്ള ആദ്യ ടെസ്റ്റിൽ ശാർദ്ദൂൽ താക്കൂറും മൂന്ന് വിക്കറ്റുകൾക്ക് ഉടമയായി. സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഏഴാം ഓവറിലാണ് ഗില്ലിനെ നഷ്ടമായത്.ഏഴു റൺസെടുത്ത ഗില്ലിനെ കമ്മിൻസിന്റെ പന്തിൽ സെക്കൻഡ് സ്ളിപ്പിൽ സ്മിത്ത് പിടികൂടുകയായിരുന്നു.തുടർന്നെത്തിയ ചേതേശ്വർ പുജാര പതിവ് ശൈലിയിൽ പ്രതിരോധത്തിൽ മുഴുകവേ രോഹിത് സ്കോർ ബോർഡ് ഉയർത്തി.എന്നാൽ ടീം സ്കോർ 60ൽ നിൽക്കവേ ലിയോണിനെതിരെ അനാവശ്യഷോട്ടിന് ശ്രമിച്ച രോഹിതിനെ സ്റ്റാർക്ക് പിടികൂടി. ഇത് ആറാം തവണയാണ് ടെസ്റ്റിൽ രോഹിതിനെ ലിയോൺ പുറത്താക്കുന്നത്.
വരും ദിവസങ്ങളിലും മഴ ഭീഷണി ഉള്ളതിനാൽ പരമാവധി പിടിച്ചുനിന്ന് സമനില സ്വന്തമാക്കാനാവും ഇന്ത്യ ശ്രമിക്കുക.