ന്യൂഡൽഹി: മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ സ്വീകരിക്കുന്നവർ പ്രത്യേക സമ്മതപത്രം ഒപ്പിട്ടുനൽകണം. വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയോട് പാർശ്വഫലങ്ങളെ കുറിച്ച് വിശദീകരിക്കണം. പാർശ്വഫലങ്ങൾ ഉണ്ടായാൽ നിലവാരമുള്ള ചികിത്സ ഉറപ്പാക്കുമെന്നും അതീവഗുരുതരമായി എന്തെങ്കിലും സംഭവിച്ചാൽ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് നഷ്ടപരിഹാരം നൽകുമെന്നും സമ്മതപത്രത്തിൽ പറയുന്നു.
വാക്സിനെ കുറിച്ചും അതുമൂലം ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങളെ കുറിച്ചും ധാരണയുണ്ടെന്നും കുത്തിവയ്ക്കാൻ സമ്മതം നൽകുന്നുവെന്നുമാണ് ഒപ്പിട്ടു നൽകേണ്ടത്. കൊവാക്സിൻ ക്ലിനിക്കൽ പരീക്ഷണം തുടരുകയാണ്. ആദ്യ ഒന്നു രണ്ട് ഘട്ട പരീക്ഷണങ്ങളിൽ കൊവിഡിനെതിരായ ആൻഡി ബോഡി ഉത്പാദിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എങ്കിലും കാര്യക്ഷമത ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ടെന്നും സമ്മതപത്രത്തിൽ പറയുന്നു.
11 സംസ്ഥാനങ്ങളിൽ കൊവിഷീൽഡ് വാക്സിനൊപ്പം കൊവാക്സിനും കുത്തിവച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിനായി കൊവാക്സിന്റെ 55 ലക്ഷം ഡോസാണ് കേന്ദ്രസർക്കാർ വാങ്ങിയത്.