വെള്ളരിക്കുണ്ട്:പോക്സോ കേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മാതാപിതാക്കളെ ആക്രമിച്ച ശേഷം ഓടിരക്ഷപ്പെട്ടു.
കൊന്നക്കാട് വള്ളികൊച്ചിയിൽ വെള്ളിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ വീട്ടിൽ എത്തിയ ജിബു (30) ആണ് പിതാവ് ജെയിൻസിനെയും മാതാവ് ബിൻസിയെയും ആക്രമിച്ചത്. ജെയിംസിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മാതാവിനും അടികിട്ടിയത്. മകന്റെ അക്രമം ഭയന്ന് ഓടിയ ഇവരെ പിന്നാലെ ഓടിയാണ് മർദ്ദിച്ചത്. അമ്മയും അച്ഛനും നിലത്ത് വീണതോടെ ബഹളം കേട്ട് ആളുകൾ എത്തുന്നതിനു മുമ്പ് ജിബു ഓടിരക്ഷപ്പെട്ടു.
ആറു മാസം മുമ്പ് 11 കാരി പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചതിന് പോക്സോ വകുപ്പ് ചുമത്തി വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റുചെയ്തിരുന്ന യുവാവ് കുറച്ചു നാൾ മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. പരിക്കേറ്റവരെ രാത്രി 12 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ജിബുവിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കള്ള്, കഞ്ചാവ് മാഫിയ സംഘങ്ങൾ താവളമാക്കിയ മലമുകളിലെ ഒളിസങ്കേതത്തിൽ യുവാവ് ഉണ്ടാകുമെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്.