ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം 'കൊവാക്സിൻ' ഡൽഹി എയിംസിലെ ശുചീകരണ തൊഴിലാളി മനീഷ് കുമാറിന് (33) ആദ്യ ഡോസ് കുത്തിവച്ചുകൊണ്ട് ലോകത്തെ ഏറ്റവും ബൃഹത്തായ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന് രാജ്യത്ത് തുടക്കമായി.കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ സാന്നിദ്ധ്യത്തിലാണ് കുത്തിവയ്പ് നൽകിയത്.
കേരളത്തിൽ ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ് നൽകി. കൊവിഷീൽഡ് വാക്സിൻ ആണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവിക്കാണ് ആദ്യ ഡോസ് കുത്തിവച്ചത്.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ രാജ്യവ്യാപകമായി വാക്സിനേഷൻ ഉൽഘാടനം ചെയ്തു.
ഡൽഹി സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ നൽകിയത് ബിജി ടോമി ( 48 ) എന്ന മലയാളി നഴ്സിനാണ്. കൊവിഷീൽഡ് ആണ് നൽകിയത്.
രാജ്യത്താകെ 3352 സെഷനുകളിലായി 1,91,181 പേർക്ക് ആദ്യ ഡോസ് കുത്തിവച്ചു. പാർശ്വഫലങ്ങളൊന്നും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ല.
ഡൽഹി എയിംസിൽ മനീഷ് കുമാറിന് പിന്നാലെ ആരോഗ്യപ്രവർത്തകൻ ധവാൽ ദ്വിവേദി, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, നിതി ആയോഗ് അംഗം ഡോ.വികെ പോൾ എന്നിവരും കൊവാക്സിൻ സ്വീകരിച്ചു.
ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും പുഷ്പവൃഷ്ടിയോടെ ആഘോഷമായാണ് വാക്സിനേഷൻ തുടങ്ങിയത്. മുഖ്യമന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആദ്യ കുത്തിവയ്പ്പ്.
രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അഭിനന്ദനവും ആശംസകളും അറിയിച്ചു.
ഹരിശ്രീ കുറിക്കാൻ കൊവാക്സിൻ
ഐ.സി.എം.ആറിന്റെയും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചതാണ് കൊവാക്സിൻ. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന, ഓക്സ്ഫോഡ് സർവകലാശാലയുടെ കൊവിഷീൽഡ് വാക്സിനും ഉണ്ടായിട്ടും തുടക്കം കുറിക്കാൻ ഇന്ത്യ സ്വന്തം വാക്സിൻ തന്നെ എടുക്കുകയായിരുന്നു.
കൊവാക്സിൻ നിരസിച്ച് ഡോക്ടർമാർ
ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്ത കൊവാക്സിൻ സ്വീകരിക്കാൻ ഡൽഹിയിൽ കേന്ദ്രസർക്കാർ സ്ഥാപനമായ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ വിസമ്മതിച്ചു. കൊവിഷീൽഡ് വാക്സിൻ മതിയെന്ന് അവർ മെഡിക്കൽ സൂപ്രണ്ടിന് കത്തു നൽകി. എന്നാൽ ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാനാവില്ലെന്ന് മന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. കൊവാക്സിൻ സുരക്ഷിതമാണെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ പറഞ്ഞു.
''ഇന്ത്യൻ വാക്സിനുകൾ സുരക്ഷിതമാണ്. കിംവദന്തികൾക്ക് ചെവികൊടുക്കരുത്. ചെറിയ കാലയളവിൽ രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ തയാറാക്കിയ ഇന്ത്യയിൽ ലോകത്തിന് പ്രതീക്ഷയുണ്ട്''
--പ്രധാനമന്ത്രി നരേന്ദ്രമോദി