പാലക്കാട്: കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്ക് കാരണം തൊഴിലാളികളാണെന്ന രീതിയിൽ മാനേജിംഗ് ഡയറക്ടർ പരസ്യപ്രസ്താവന നടത്തിയത് അനുചിതമാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പാലക്കാട് പറഞ്ഞു. തൊഴിലാളിവിരുദ്ധ പ്രസ്താവന തിരുത്തുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യം കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കണം. രാഷ്ട്രീയപ്രസംഗം നടത്തുന്നതുപോലെ മാദ്ധ്യമങ്ങളെ വിളിച്ചുവരുത്തി പറയുകയല്ല വേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ തൊഴിലാളികളല്ല. മോഷണമോ അഴിമതിയോ നടക്കുന്നുണ്ടെങ്കിൽ തടയേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. പകരം
മുഴുവൻ ജീവനക്കാരെയും അപമാനിക്കുന്ന പ്രസ്താവന അനുചിതമാണ്. തൊഴിലാളികളുടെ സഹകരണത്തോടെ അവരെ വിശ്വാസത്തിലെടുത്തു വേണം മുന്നോട്ടുപോകാൻ. ഒപ്പം നിൽക്കുന്ന ജീവനക്കാരുടെ സഹകരണം ഇല്ലാതാക്കുന്ന പ്രസ്താവനയാണ് എം.ഡി നടത്തുന്നതെന്ന് എളമരം കരീം പറഞ്ഞു.