തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ഇനിയും ഭീമമായ നഷ്ടം സഹിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് ബോധ്യമായ സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ്. സ്വിഫ്ട് കമ്പനി രൂപീകരിച്ച് മുന്നോട്ടു പോയാൽ മാത്രമെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ കഴിയൂ. നഷ്ടം കുറഞ്ഞു വന്നാലെ,ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കാൻ കഴിയൂ. ഇക്കാര്യങ്ങളാണ് ധനമന്ത്രി തോമസ് ഐസക്കും ഗതാഗത മന്ത്രി ശശീന്ദ്രനും ഇന്നലെ നടന്ന ചർച്ചയിൽ ബിജു പ്രഭാകറിനെ അറിയിച്ചത്. കെ.എസ്.ആർ.ടി.സിയുടെ ആദ്യപുനഃസംഘടന വിജയിക്കാത്തതുകൊണ്ടാണ് രണ്ടാമതൊരു പുനഃസംഘടന നടത്തുന്നതെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം പ്ലാൻ ഫണ്ട് ഉൾപ്പെടെ 5000 കോടി രൂപ കെ.എസ്.ആർ.ടി.സിക്കായി സർക്കാർ ചെലവഴിച്ചു. വായ്പാ തിരിച്ചടവ് കൃത്യമായി നടത്തുന്നതിനാണ് സ്വിഫ്ട് കമ്പനി 10 വർഷത്തേക്ക് രൂപീകരിക്കുന്നത്.
കോർപറേഷനെ കട്ടുമുടിക്കുന്നവരെ പുറത്താക്കുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു വാർത്താസമ്മേളനം.ബിജു പ്രഭാകർ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു.ജീവനക്കാരെ പിരിച്ചുവിടാതെ ക്രമപ്പെടുത്തുന്നതിനൊപ്പം വി.ആർ.എസ് പദ്ധതി നടപ്പിലാക്കി ജീവനക്കാരുടെ അനുപാതം കുറയ്ക്കാനാണ് ശ്രമം. ബസ് ഒന്നിന് 1.8 കണ്ടക്ടർ, 1.8 ഡ്രൈവർ എന്ന അനുപാതമാണ് നിശ്ചയിച്ചിരിക്കുന്നത്.
നടപടി കടുപ്പിക്കും
കോർപറേഷന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാത്തവരെയെല്ലാം മാറ്റും. ശിക്ഷാനടപടികൾ തുടരും. മുൻ ഓപ്പറേഷൻ വിഭാഗം മേധാവിയും ഇപ്പോഴത്തെ വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷറഫുദ്ദീന് പോക്സോ കേസ് പ്രതിയെ തിരിച്ചെടുത്തതിന് നോട്ടീസ് നൽകിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡെപ്യൂട്ടി ജനറൽ മാനേജരെയും രണ്ട് ചാർട്ടേഡ് അക്കൗണ്ടന്റു മാരേയും ഒഴിവാക്കും. മുൻ വിജിലൻസ് ഓഫീസറും നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്.
ഇപ്പോൾ കിട്ടുന്നതല്ല യഥാർത്ഥ വരുമാനം. ഇതിലേറെയാണ് യഥാർത്ഥ വരുമാനമെന്ന് കണ്ടെത്തിയിട്ടുണ്ട്. കപ്പലിലെ കള്ളന്മാരെ പിടികൂടുമെന്ന് പ്രഖ്യാപിച്ച ഉടൻ പതിവുപോലെ തൊഴിലാളി സംഘടനകൾ പ്രതിഷേധം തുടങ്ങി.