തൃശൂർ: അഞ്ച് വയസിനിടെ വരച്ച ഒമ്പത് ചിത്രങ്ങൾ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് വർഷം മുൻപ് 38,500 രൂപ നൽകിയ അക്കു, മറ്റൊരു സംഭാവന കൂടി സർക്കാരിന് സമർപ്പിച്ചു; സംസ്ഥാന ബഡ്ജറ്റ് ഇൻ ബ്രീഫിലെ മുഖചിത്രം ! 'കിളികളുടെ ഫ്ളാറ്റ്' അതായിരുന്നു ചിത്രം. മറ്റൊന്ന് 'മഴവിൽ കാക്കകൾ'. അത് പിന്നാമ്പുറചിത്രമായി. യുറീക്കയിൽ മുൻപ് അക്കു വരച്ച ചിത്രങ്ങൾ കണ്ട് രണ്ടാഴ്ച മുൻപാണ് ധനമന്ത്രിയുടെ ഓഫീസിലേക്ക് ചിത്രങ്ങൾ അയയ്ക്കാൻ യുറീക്കയിലെ അദ്ധ്യാപകൻ ആവശ്യപ്പെട്ടത്. ചിത്രങ്ങൾ തിരഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം അറിയിപ്പ് കിട്ടി. ഏഴ് വയസുകാരൻ അക്കുവിന് എന്തെന്നില്ലാത്ത സന്തോഷം.
അക്ഷരങ്ങൾ വഴങ്ങാൻ തുടങ്ങും മുമ്പേ, കുഞ്ഞുകൈകൾ തീർത്ത മനോഹര ചിത്രം കൊണ്ട് പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാമെന്ന് തിരിച്ചറിഞ്ഞത് മാതാപിതാക്കളായ വടക്കാഞ്ചേരി സ്വദേശി അജയനും ഷസിയയുമായിരുന്നു. കുറേ ചിത്രങ്ങൾ വരയ്ക്കണമെന്ന് പറഞ്ഞപ്പോൾ അക്കുവും ഹാപ്പി.
അങ്ങനെ അവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു: ''അമൻ എന്ന ഞങ്ങളുടെ അക്കുവിന്റെ ഏറ്റവും വലിയ സമ്പാദ്യമാണ് ഈ ചിത്രങ്ങൾ. വെള്ളപ്പൊക്കത്തിൽ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ ഒഴുകിപ്പോയ കുഞ്ഞുകുട്ടികൾക്കായി ചിത്രങ്ങൾ കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,000 രൂപ നിക്ഷേപിച്ചതിന്റെ സ്ക്രീൻഷോട്ട് ഇൻ ബോക്സിൽ അയയ്ക്കുന്ന ആർക്കും അക്കു വരച്ച ഒരു മനോഹര ചിത്രം അയച്ചു തരും. എല്ലാം ഫ്രെയിം ചെയ്ത ചിത്രങ്ങളാണ്...'' ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം വാങ്ങിയത് 8 പേരാണ്. 2000 രൂപയല്ല, ചിലർ പതിനായിരവും നൽകി. 180 രൂപ ചെലവിട്ട് ചിത്രം തപാലിൽ അയച്ചുകൊടുത്തു.
ചിത്രത്തിന്റെ പ്രതിഫലമായി, അവന്റെ പേരിൽ ദുരിതാശ്വാസനിധിയിലേക്ക് 2000 രൂപ ആദ്യം നൽകിയത് ഫേസ്ബുക്ക് സുഹൃത്തായ നിജീഷായിരുന്നു. 'അക്കുചക്കു കഥകൾ' എന്ന ഫേസ്ബുക്ക് പേജിലാണ് അക്കു വരച്ച ചിത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചത്. പ്രകൃതിയും മിന്നാമിനുങ്ങും നക്ഷത്രങ്ങളും പുഴകളും പൂക്കളുമൊക്കെയാണ് അക്കുവിന്റെ ഇഷ്ടവിഷയങ്ങൾ. ചിത്രകാരിയും സിവിൽ എൻജിനിയറുമായ അമ്മയുടെ മടിയിലിരുന്നാണ് ഒന്നര വയസിൽ ബ്രഷും, കാൻവാസും ആദ്യം കൈയിലെടുക്കുന്നത്. വടക്കാഞ്ചേരി ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ അജയൻ കോൺട്രാക്ടറാണ്.
ലളിതകലാ അക്കാഡമി നടത്തിയ ചിത്രപ്രദർശനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരൻ കൂടിയാണ് അക്കു. കഥാകൃത്ത് പി. ശങ്കരനാരായണനെ ആദരിക്കുന്ന ചടങ്ങിൽ എത്തിയ എം.ടി. വാസുദേവൻ നായർക്ക്, അക്കു ചിത്രം സമർപ്പിച്ചിരുന്നു.