തിരുവനന്തപുരം: 'സാധാരണ കുത്തിവയ്പ് പോലെ മാത്രമേ തോന്നിയുള്ളൂ. ഒരു തരത്തിലുമുള്ള അസ്വസ്ഥതകളുമില്ല"- ഇതുപറയുമ്പോൾ ഡോ. ടി.എസ്. അനീഷിന്റെ മുഖത്ത് നിറചിരി. കൊവിഡ് വാക്സിൻ ആദ്യമായി സ്വീകരിച്ചവരിൽ ഒരാളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടറും പാങ്ങപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ഡോ. അനീഷ്. തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്.
'ഒട്ടും വേദനിച്ചില്ല, ചെറിയ സൂചി ഉപയോഗിച്ചാണ് കുത്തിവയ്പ്. സെക്കന്റുകൾ മാത്രമാണ് കുത്തിവയ്പിന് വേണ്ടിവന്നത്. ഏത് വാക്സിൻ നമ്മൾ സ്വീകരിച്ചാലും മണിക്കൂറുകൾക്ക് ശേഷം അല്പം വേദന ഉണ്ടാകാറുണ്ട്. അതിനുള്ള സമയം ആയിട്ടില്ല. ചിലപ്പോൾ ഇന്ന് ചെറിയ വേദന ഉണ്ടായേക്കാം, അതിൽ ആശങ്കപെടേണ്ടതില്ല. 30 മിനിട്ട് ഒബ്സർവേഷൻ സമയത്തും അസ്വസ്ഥതകളുണ്ടായില്ല. ട്രയൽ ഡാറ്റ അനുസരിച്ച് ചെറിയ പനിയുണ്ടാകാൻ അഞ്ചിലൊന്ന് സാദ്ധ്യതയുണ്ട്. അത് മറ്റ് കുത്തിവയ്പുകൾക്കുമുണ്ടാകാറുണ്ടല്ലോ''- ഡോ. അനീഷ് പറഞ്ഞു.
ഒരു വാക്സിൻ എടുത്തശേഷം ഉണ്ടാകാൻ സാദ്ധ്യതയുള്ള മോശം പ്രശ്നം അലർജിയാണ്. അത് അരമണിക്കൂറിനുള്ളിൽ അറിയാനാകും. ആർക്കും ഈ സമയത്തും അസ്വസ്ഥതകളൊന്നുമില്ല. പനിയുണ്ടോയെന്ന് പരിശോധിച്ചശേഷമാണ് വാക്സിൻ സ്വീകരിക്കാൻ കയറ്റിയത്. എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടായാൽ അറിയിക്കണമെന്നും നിർദ്ദേശമുണ്ടെന്നും ഡോ. അനീഷ് പറഞ്ഞു.