ചെന്നൈ: ഭക്ഷണം നൽകാൻ വൈകിയതിന് ഫാം ഹൗസ് ജീവനക്കാരനെ നായ്ക്കൾ കടിച്ചുകൊന്നു. ചെന്നൈ ചിദംബരത്തിന് സമീപത്തായിരുന്നു ദാരുണ സംഭവം. 58കാരനായ ജീവാനന്ദമാണ് മരിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാംഹൗസിലെ ജീവനക്കാരനായിരുന്നു ഇയാൾ. റോട്വീലർ ഇനത്തിൽപ്പെട്ട നായ്ക്കളാണ് ജീവാനന്ദന്റെ ജീവനെടുത്തത്.
ജോലിത്തിരക്കുമൂലം രാവിലത്തെ ഭക്ഷണം നൽകാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ഭക്ഷണം നൽകാനായി കൂടിന്റെ വാതിൽ തുറക്കവെ നായ്ക്കൾ ജീവാനന്ദത്തിന് നേരേ കുതിച്ചുചാടി. രക്ഷപ്പെടാനായി അയാൾ ഓടിയപ്പോൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. തലയും കഴുത്തും പൂർണമായും കടിച്ചുപറിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ ആഴത്തിലുളള മുറിവുകളാണ് മരണകാരണം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആക്രമണ സ്വഭാവം കൂടിയ നായ്ക്കളാണ് റോട്വീലറുകൾ. ഒരാളോടുമാത്രമാണ് സാധാരണ ഇവ ഇണങ്ങുക. ജർമ്മനിയിലെ റോട്ട് വെൽ എന്ന സ്ഥലത്താണ് ജന്മം കൊണ്ടത് . യുദ്ധത്തിനും കന്നുകാലികളെ പരിപാലിക്കുന്നതിനും നായാട്ടിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ നായകളെ വളർത്തി പരിചയമില്ലാത്തവർ ഇവയെ വീട്ടുമൃഗമായി വളർത്തുന്നതിനെ അധികൃതർ നിരുത്സാഹപ്പെടുത്തുന്നു. പരിപാലിക്കുന്ന കാര്യത്തിൽ ഉടമ കാർക്കശ്യവും കണിശതയും കാണിച്ചില്ലെങ്കിൽ ഇവറ്റകൾ ഉടമയുടെ നേതാവായി സ്വയം മാറും. അതാണ് ജീവാനന്ദത്തിനും സംഭവിച്ചത്. നേരത്തേയും റോട്വീലറുകളുടെ ആക്രമണത്തിന് ഇന്ത്യയിലുൾപ്പടെ നിരവധി പേർ ഇരയായിട്ടുണ്ട്.