ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ച ഇന്നലെ 1.91 ആരോഗ്യപ്രവർത്തകർ കുത്തിവയ്പെടുത്തു. രാജ്യത്തുടനീളമുള്ള 3,352 വാക്സിൻ കേന്ദ്രങ്ങളിലായി ആദ്യ ദിനം 1,91,181 പേർ കുത്തിവയ്പെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സീറം ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവിഷീൽഡ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ 12 സംസ്ഥാനങ്ങൾക്കാണ് നൽകിയത്.
'രാജ്യത്തുടനീളമുള്ള എല്ലാ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലും മതിയായ അളവിൽ വാക്സിനുകൾ ഉറപ്പാക്കിയിട്ടുണ്ട്. ചില കേന്ദ്രങ്ങൾ വാക്സിൻ സ്വീകരിക്കുന്നവരുടെ പട്ടിക അപ്ലോഡ് ചെയ്യുന്നതിൽ കാലതാമസം വന്നതിനാൽ ചെറിയ തടസങ്ങൾ നേരിട്ടിരുന്നു. എന്നാൽ എല്ലാം പരിഹരിച്ചു.'-ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഡൽഹി, രാജസ്ഥാൻ പോലെയുള്ള ചിലയിടങ്ങളിൽ വാക്സിൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സൂചന.
ഉത്തർപ്രദേശിൽ 21,291 പേരാണ് ഇന്നലെ വാക്സിൻ സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ 18,328 പേർക്കും, ആന്ധ്രയിൽ 18,412 പേർക്കും, ബീഹാറിൽ 18,169 പേർക്കും ഇന്നലെ വാക്സിൻ നൽകി. കേരളത്തിൽ 8062 പേരാണ് വാക്സിൻ സ്വീകരിച്ചത്.അതേസമയം 10 ലക്ഷം ഡോസ് വാക്സിൻ ലഭിക്കേണ്ടിടത്ത് 6.89 ലക്ഷം മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് ബംഗാൾ സർക്കാർ വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിന് തുടക്കം കുറിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധനും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തി.