ആലപ്പുഴ: ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു മാസം കൂടിയേ ഇനി കാത്തുനിൽക്കാനാകുവെന്ന് മന്ത്രി ജി സുധാകരൻ. ഉദ്ഘാടനം ചെയ്യാൻ താൽപര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നെങ്കിലും രണ്ട് മാസമായി വിവരമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം കൂടി കാക്കും അതുകഴിഞ്ഞ് വന്നില്ലെങ്കിൽ ബൈപ്പാസ് സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്യുമെന്നും സുധാകരൻ അറിയിച്ചു.നവംബറിൽ മിനിസ്റ്ററി ഒഫ് സർഫസ് ട്രാൻസ്പോർട്ടിൽ നിന്ന് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ താത്പര്യമുണ്ടെന്നറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടി. തിരിച്ച് വിളിച്ച് സന്തോഷമെന്നറിയിച്ചു. എന്നാൽ അതിനുശേഷം ഒരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന തീയതി എത്രയും പെട്ടെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിതിൻ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്.പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തേണ്ടി വരും.ഈ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം നടക്കരുതെന്ന് ചില കുബുദ്ധികൾ ശ്രമിക്കുന്നു എന്ന സംശയം സർക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.