പഴയങ്ങാടി:വിവിധ പേരുകളിലായി പല സ്ഥലങ്ങളിൽ സ്ത്രീകളെ പ്രലോഭിപ്പിച്ച് കല്യാണ തട്ടിപ്പ് നടത്തുന്ന അലിയാസ് എന്ന് വിളിക്കുന്ന എറണാകുളം പറവൂർ സ്വദേശി എം.പി ശ്രീജനെ (52) നെ പഴയങ്ങാടി എസ്.ഐ ഇ ജയചന്ദ്രൻ കണ്ണൂരിൽ വച്ച് അറസ്റ്റ് ചെയ്തു. ഗ്രാമങ്ങളിലെ വിവാഹബ്യൂറോയുമായി ബന്ധപ്പെട്ട് ഉന്നത ബിരുദമുണ്ടെന്നും ലോക്കോ പൈലറ്റ് തസ്തികയിൽ ജോലി ചെയ്തു വരികയാണെന്നും കാണിച്ചാണ് പേര് റജിസ്റ്റർ ചെയ്തത്.
പഴയങ്ങാടി കുളവയലിന് സമീപമുള്ള സ്ത്രിയുടെ കൂടെ നിയമപരമായി കല്യാണം കഴിക്കാതെ താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പഴയങ്ങാടിയിലെ ഒരു വിവാഹബ്യൂറോ വഴി സ്ത്രീകളുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് അവരുമായി ബന്ധം സ്ഥാപിക്കുകയും സ്ത്രീകളെ പ്രലോഭിപ്പിച്ച് കൂടെ കൊണ്ടുപോവുകയും പീഡിപ്പിക്കുകയും സ്വർണവും പണവും കൈക്കലാക്കുകയുമായിരുന്നു.
വെങ്ങരയിലെ സ്ത്രീയെ പ്രലോഭിപ്പിച്ച് വശത്താക്കി പയ്യന്നൂർ,കണ്ണൂർ,ഗുരുവായൂർ കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ചതായി പറയുന്നു.ഇവരുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.