വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിയുന്നത് 13ാം വധശിക്ഷയും നടപ്പാക്കിയ ശേഷം. ഇന്ത്യാന ജയിലിൽ കഴിഞ്ഞിരുന്ന ഡസ്റ്റിൻ ഹിഗ്സിന്റെ (48) വധശിക്ഷയാണ് 13ാമത് നടപ്പാക്കിയത്. 1996ൽ മൂന്നുസ്ത്രീകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹിഗ്സ്. 2001ലായിരുന്നു വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് കൂട്ടുനിന്ന വില്ലിസ് ഹെയ്നസ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചയാണ് ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ ആഴ്ച ലിസ മോണ്ട്ഗോമറി എന്ന വനിതയുടെയും വധശിക്ഷ നടപ്പാക്കിയിരുന്നു. തിരക്കുപിടിച്ച് അടുത്തടുത്തായി രണ്ട് വധശിക്ഷകൾ നടപ്പാക്കാൻ ഉത്തരവിട്ട ട്രംപിനെതിരെ കടുത്ത വിമർശനമാണുയരുന്നത്. നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ വധശിക്ഷക്ക് എതിരാണ്. 17 വർഷമായി രാജ്യത്ത് നിറുത്തിവച്ചിരുന്ന വധശിക്ഷ ട്രംപ് അധികാരമേറ്റതോടെ പുനഃരാരംഭിക്കുകയായിരുന്നു.