ശ്രീനഗർ: മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന ജമ്മുശ്രീനഗർ ദേശീയപാതയിലെ 110 അടി നീളമുള്ള ബെയ്ലി പാലം 60 മണിക്കൂർ കൊണ്ട് പുനഃസ്ഥാപിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) അറിയിച്ചു.
പാലത്തിലൂടെയുള്ള വാഹനഗതാഗതം ശനിയാഴ്ച പുനഃസ്ഥാപിച്ചതായി ബി.ആർ.ഒ ബീകോൺ പദ്ധതിയുടെ ചീഫ് എൻജിനിയറായ ബ്രിഗേഡിയർ ഐ.കെ. ജഗ്ഗി വ്യക്തമാക്കി. കേല മോറിലെ പാലത്തിന് മണ്ണിടിച്ചിലിൽ കേടുപാട് സംഭവിച്ചതിനെ തുടർന്ന് ജമ്മുശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഒരാഴ്ചയായി നിലച്ചിരുന്നു. പാലത്തിന്റെ പുനഃനിർമാണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ബി.ആർ.ഒ നേരത്തെ അറിയിച്ചിരുന്നത്. ജനുവരി 14 ന് രാവിലെ ഏഴരയോടെയാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ലെഫ്റ്റനന്റ് കേണൽ വരുൺ ഖാരേയാണ് നിർമാണപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്.