ആണ്ടാമുക്കത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചെന്ന് കുറ്റസമ്മതം
കൊല്ലം: സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതുമായി കൊല്ലം ഈസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തി. ഇതിനിടെ നടത്തിയ ചോദ്യം ചെയ്യലിൽ ഒന്നരമാസം മുൻപ് ആണ്ടാമുക്കത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും വിനീത് വെളിപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ച ചെങ്ങന്നൂരിൽ നിന്ന് മോഷ്ടിച്ച കാറുമായി കൊല്ലത്തേക്ക് വരവേ ചിന്നക്കടയിൽ വച്ച് വിനീത് പൊലീസിന്റെ മുന്നിൽപ്പെട്ടു. ഇതോടെ കാർ ഉപേക്ഷിച്ച വിനീത് എസ്.എം.പി പാലസിന് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച് അതിൽ രക്ഷപ്പെട്ടു. പള്ളിത്തോട്ടത്ത് വച്ച് ബൈക്കിൽ എണ്ണ തീർന്നതോടെ ഉപേക്ഷിച്ചു. അവിടെ നിന്ന് ഒരു ബുള്ളറ്റ് മോഷ്ടിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോയി. വഴിമദ്ധ്യേ വാളത്തുംഗൽ സ്വദേശിയായ ഇരുചക്ര യാത്രക്കാരനെ റെയിൽവേ സ്റ്റേഷന് സമീപത്തെ ഭൂമി ജൂവലറി വരെ പിന്തുടർന്ന് പണം തട്ടാൻ ശ്രമിച്ചു. ഈ മൂന്ന് കേസുകളിലുമാണ് ഇന്നലെ തെളിവെടുപ്പ് നടന്നത്.
ആണ്ടാമുക്കത്ത് നിന്ന് മോഷണം പോയ ബൈക്കുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് അതിന് പിന്നിലും താൻ തന്നെയാണെന്ന് വിനീത് വെളിപ്പെടുത്തിയത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന വിനീതിനെ ആണ്ടാമുക്കത്തെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. ജില്ലയിൽ മാത്രം വിനീതിന്റെ പേരിൽ 15 ഓളം മോഷണ കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകൾ ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
നാട് വിറപ്പിക്കും നാൽവർ സംഘം
എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള മിഷേൽ, ഷിൻസി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ തലവനാണ് വിനീത്. കഴിഞ്ഞമാസം അവസാനം മൂവരെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജയിലിൽ എത്തിക്കുന്നതിന് മുൻപ് പാർപ്പിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി കിളിമാനൂരിലെ പമ്പിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ശേഷം ചടയമംഗലത്ത് എത്തി കാർ തട്ടിയെടുത്തതായി വിവരം ലഭിച്ചതോടെ വ്യാഴാഴ്ച പുലർച്ചെ വിനീതിനെ പിടികൂടാൻ പൊലീസ് ജില്ലയിൽ വലവിരിച്ചു. കടപ്പാക്കടയിൽ കാറിലെത്തിയ വിനീതിനെ റോഡിന് കുറുകെ ജീപ്പ് നിറുത്തിയിട്ട് തടഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയോടിയ വിനീതിനെ നാട്ടുകാരുടെ സഹായത്തോടെ പുലർച്ചെ അഞ്ചരയോടെ ടൗൺ അതിർത്തിയിൽ വച്ചാണ് പിടികൂടിയത്.