തിരുവനന്തപുരം: വിദേശത്ത് നിന്നും കടത്താൻ ശ്രമിച്ച 1.8 കിലോഗ്രാം സ്വർണം വിമാനത്താവളത്തിൽ നിന്നും എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ശനിയാഴ്ച വൈകിട്ട് ആറിന് ദുബായിൽ നിന്നുമെത്തിയ എയർഇന്ത്യ എക്പ്രസ് വിമാനത്തിലെ യാത്രക്കാരനായ വയനാട് സ്വദേശിയാണ് പിടിയിലായത്. രണ്ട് സ്വർണക്കട്ടികൾ പ്രത്യേക തരം പേപ്പറിൽ പൊതിഞ്ഞ് കൈകളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം യാത്രക്കാരെ കർശനമായി നിരീക്ഷിക്കുന്നതിനിടെയാണ് ഇയാളെ ചോദ്യം ചെയ്തത്. പാസ്പോർട്ട് പരിശോധനയിൽ വിലാസം വയനാട്ടിലാണെന്ന് തിരിച്ചറിഞ്ഞതോടെ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ചിരുന്ന സ്വർണക്കട്ടികൾ കണ്ടെത്തിയത്. എയർകസ്റ്റംസ് ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ്. ദേവിന്റെ നേതൃത്വത്തിൽ സൂപ്രണ്ട് യു. പുഷ്പാ, ഇൻസ്പെക്ടർമാരായ ഡി. വിശാഖ്, ജി. ദീപേഷ്, രാംകുമാർ, ഗുൽഷൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.