ആലപ്പുഴ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ താൻ അമ്പലപ്പുഴ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തൂക്കുകുളത്തെ ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തല്ലിക്കൊന്നാലും ഞാൻ കായംകുളത്ത് മത്സരിക്കില്ല. എന്നെ കാലുവാരി തോല്പിച്ച സ്ഥലമാണ് കായംകുളം. 2001ൽ തോല്പിച്ചത് കാലുവാരികളാണ്. 1764 വോട്ടുകൾക്കാണ് ഞാൻ പരാജയപ്പെട്ടത്. എന്തിനാണ് അങ്ങനെ കാലുവാരുന്നത്. ഇപ്പോഴും ആ സംസ്കാരത്തിന് മാറ്റമുണ്ടായിട്ടില്ല. എന്നിരുന്നാലും കായംകുളത്ത് പാർട്ടി സ്ഥാനാർത്ഥി തന്നെ വീണ്ടും ജയിക്കും. ഇപ്പോൾ കായംകുളത്ത് പാർട്ടിയുടെ എം.എൽ.എയാണ് ഉള്ളത്. നന്നായിട്ട് എല്ലാ കാര്യങ്ങളും എം.എൽ.എ ചെയ്യുന്നുണ്ട്. പിന്നെന്തിനാണ് വേറൊരാളെ തിരക്കുന്നത്. പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രിയായി വരും. എന്നാൽ ഞാൻ വീണ്ടും പൊതുമരാമത്ത് മന്ത്രിയാകുമോയെന്ന് അറിയില്ല'- അദ്ദേഹം പറഞ്ഞു.