തൃക്കരിപ്പൂർ: അദ്ധ്യാപകനും കലാകാരനുമായിരുന്ന പരേതനായ കെ.കെ. മാഷുടെ ജീവിതവുമായി ബന്ധപ്പെട്ട നാടക-കലാപ്രവർത്തനങ്ങളെ വിലയിരുത്തി തൃക്കരിപ്പൂരിന്റെ നാടകാനുഭവങ്ങൾ ചർച്ച നടത്തി. തൃക്കരിപ്പൂരും പരിസരങ്ങളിലുമായി ആറു പതിറ്റാണ്ടുകാലമായി പ്രവർത്തിച്ചു വന്നിരുന്ന കലാ സാംസ്കാരിക രംഗത്തെ, പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വിവരശേഖരണം നടത്തുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ച സംഘടിപ്പിച്ചത്.
സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിക്ക് പ്രശസ്ത സാഹിത്യകാരൻ ഇ.പി. രാജഗോപാലൻ നേതൃത്വം നൽകി. തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാസമിതിയടക്കം ആദ്യകാല കലാസമിതികളിലെ അരങ്ങിലും അണിയറയിലും സജീവ സാന്നിദ്ധ്യമായിരുന്ന കെ.കെ. മാഷ് കലാരംഗത്തെ തൃക്കരിപ്പൂരിന്റെ മുഖമുദ്രയായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി. വി.കെ. രവീന്ദ്രൻ, എ.കെ. ശ്രീധരൻ, ഇ. രാഘവൻ, എ. മുകുന്ദൻ, ഭാസ്കരൻ പേക്കടം, ഗോവിന്ദൻ ദീപ്തി, എ.കെ. കുഞ്ഞിരാമൻ പണിക്കർ , വത്സരാജ് തൃക്കരിപ്പൂർ, ടി. തമ്പാൻ, ഇ. രാജേന്ദ്രൻ, ഗംഗൻ ആയിറ്റി, അനിൽകുമാർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി വിവിധ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തി.