കളമശേരി: നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്കു സമർപ്പിച്ചു. തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ഒ.എൻ.വി കൾച്ചറൽ അക്കാഡമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പൊതുനിരൂപണരംഗത്തു തന്നെ പർവതസമാനമായ വ്യക്തിത്വമാണ് ലീലാവതി ടീച്ചറിന്റേതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിരൂപണരംഗത്ത് സ്ത്രീസാന്നിദ്ധ്യം അധികമില്ല. ഉള്ളവർ പൊതുവെ മിന്നിപ്പൊലിഞ്ഞു മായുകയാണ്. ലീലാവതി ഏഴു പതിറ്റാണ്ടിലേറെയായി സാഹിത്യനിരൂപണരംഗത്ത് തെളിഞ്ഞുനിൽക്കുന്നു. ഏകാന്ത ദ്വീപു പോലെ എന്നു പറയാം. സമാനമായ മറ്റൊരു വ്യക്തിത്വമില്ല. സ്ത്രീയെന്ന പ്രത്യേക പരിഗണനയിലൂടെയല്ല സ്ഥാനം കൈവരിച്ചത്. അതിപ്രഗത്ഭരായ പുരുഷകേസരികളോട് മത്സരിച്ചു സ്വന്തമായൊരു കസേര വലിച്ചിട്ട് ഇരിക്കുകയാണ് ലീലാവതി. നേട്ടം പ്രതിഭയുടെയും അപഗ്രഥനശേഷിയുടെയും ബലത്തിലാണ്. പുതു തലമുറയെ ലീലാവതി സാഹിത്യ ആസ്വാദനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് നയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമാണ് ഈ പുരസ്കാരമെന്ന് ലീലാവതി പറഞ്ഞു. വയസുകാലത്ത് കിട്ടുന്ന പുരസ്കാരങ്ങളെല്ലാം സാന്ത്വനമാണ്. തന്നെക്കാൾ താഴെ പ്രായമുള്ളവരുടെ പുരസ്കാരം എന്നു പറയുന്നത് ദീർഘായുസിന് ലഭിക്കുന്ന ശാപമാണെന്നും ലീലാവതി പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി ഉപദേശക സമിതി ചെയർമാൻ ജി. രാജ് മോഹൻ പ്രശസ്തിപത്രം വായിച്ചു. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ഒ.എൻ.വി കൾച്ചറൽ അക്കാഡമി സെക്രട്ടറി എം.ബി. സനിൽകുമാർ, ഒ.എൻ.വിയുടെ മകൻ ഒ.എൻ.വി. രാജീവ്, മകൾ ഡോ. മായ, മരുമകൾ ദേവിക എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലീലാവതിയുടെ അനാരോഗ്യവും കൊവിഡ് നിയന്ത്രണങ്ങളും കണക്കിലെടുത്താണ് പുരസ്കാരസമർപ്പണ ചടങ്ങ് വീട്ടിൽ വച്ചു നടത്തിയത്.