കൊച്ചി: സഭാനേതൃത്വത്തിനും പ്രബോധനങ്ങൾക്കുമെതിരെ സാമൂഹികമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യമായ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ അച്ചടക്കലംഘനത്തിന് സഭാനിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ സീറോമലബാർസഭാ സിനഡ് യോഗം തീരുമാനിച്ചു. നടപടികൾ സ്വീകരിക്കാൻ രൂപതാദ്ധ്യക്ഷന്മാർക്ക് സിനഡ് അനുമതി നൽകി.
ആറു ദിവസം ഓൺലൈനിൽ നടന്ന സിനഡ് യോഗത്തിൽ 59 മെത്രാന്മാർ പങ്കെടുത്തു.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ പരാതികൾ നിലനിൽക്കുനതല്ലെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനോട് നിർദേശിച്ചു.
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എത്യോപ്യയിൽ ക്രിസ്മസ് കാലത്ത് 750 ലേറെ ക്രൈസ്തവർ കൊലചെയ്യപ്പെട്ടത് ഹൃദയഭേദകമാണ്. ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ ഭീകരവാദത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്റെ കരുത്താണ് വിളിച്ചോതുന്നത്.
കുർബാനയുടെ പരിഷ്കരിച്ച ക്രമം മാർപ്പാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കും. കുർബാനയിലെ വചനവായനയ്ക്ക് രണ്ടാമതൊരു വായനാ കലണ്ടറിനുകൂടി അംഗീകാരം നൽകി. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ അനുഷ്ഠിക്കേണ്ട കർമ്മങ്ങളുടെ ക്രമത്തിനും അംഗീകാരം നൽകി. സഭയുടെ പൊതുയോഗം 2022 ആഗസ്റ്റിൽ ചേരാനും തീരുമാനിച്ചു.