തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് നാലുമണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിലിന് ഭൂമിയേറ്റെടുക്കാൻ പ്രത്യേക സെല്ലുകൾ രൂപീകരിച്ച് ഉത്തരവ് അടുത്തയാഴ്ചയിറങ്ങും. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അടുത്തയാഴ്ച ഭരണാനുമതിയാവും.
അന്താരാഷ്ട്ര ഏജൻസികളായ എ.ഡി.ബി, ജൈക്ക,എ.ഐ.ഐ.ബി എന്നിവ വായ്പ അനുവദിക്കണമെങ്കിൽ
എൺപതു ശതമാനമെങ്കിലും ഭൂമി ഏറ്റെടുത്തിരിക്കണം. കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അനുമതിയുണ്ടെങ്കിൽ പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കാൻ വ്യവസ്ഥയുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കുംമുമ്പ് ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്.
11 ജില്ലകളിലായി 1226ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന് ചുരുങ്ങിയത് രണ്ടുവർഷമെടുക്കും. പതിനൊന്ന് ജില്ലകളിലൂടെ 529.45കിലോമീറ്ററിലാണ് റെയിൽപാത.
അലൈൻമെന്റും പദ്ധതിചെലവും സംബന്ധിച്ച് കൊച്ചിയിലെ റെയിൽവേ ചീഫ്എൻജിനിയർ ഓഫീസ് കഴിഞ്ഞ ജൂണിൽ ഉന്നയിച്ച സംശയങ്ങൾക്ക് കെ-റെയിൽ അന്നുതന്നെ മറുപടി നൽകിയിരുന്നു. ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡും പിന്നീട് സംശയങ്ങളുന്നയിച്ചില്ല. നീതിആയോഗിന്റെ ചില പരാമർശങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാരിന്റെ റൈറ്റ്സ് ഏജൻസിയെ കെ-റെയിൽ നിയോഗിച്ചിട്ടുണ്ട്. അടുത്തയാഴ്ച നീതിആയോഗിനും വിശദീകരണം നൽകും.
വിപണിവിലയുടെ രണ്ടു മുതൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകിയാണ് ഭൂമിയേറ്റെടുക്കുകയെന്ന് കെ-റെയിൽ എം.ഡി വി.അജിത്കുമാർ പറഞ്ഞു.
അതിവേഗറെയിലിന് 15മുതൽ 25മീറ്റർ വീതിക്കുള്ള സ്ഥലം മതി. നെൽപാടങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാൻ 88കിലോമീറ്ററിൽ ആകാശപാതയുണ്ട്. കോഴിക്കോട് നഗരത്തിൽ തുരങ്കത്തിലൂടെ കടന്നുപോകും.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോയുടെ പദ്ധതിരേഖ കേന്ദ്രത്തിന് അയച്ചിട്ടില്ലെങ്കിലും ഡിപ്പോയ്ക്കും ശ്രീകാര്യം,ഉള്ളൂർ, പട്ടം ഫ്ലൈഓവറുകൾക്കും സ്ഥലമെടുക്കുകയാണ്.
പദ്ധതിചെലവ്
63,941കോടി
വിദേശവായ്പ
33,700കോടി
ഭൂമിയെടുപ്പ്, നഷ്ടപരിഹാരം
13,265കോടി
പൊളിക്കേണ്ട കെട്ടിടങ്ങൾ
9,000
റെയിൽവേയുടെ വിഹിതം
2150കോടി