കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ തുണിക്കടയിലേക്ക് നാടൻ ബോംബെറിഞ്ഞ ശേഷം ജീവനക്കാരെ ആക്രമിച്ചു. അഞ്ചുതെങ്ങ് പെട്രോൾ പമ്പിന് സമീപത്തെ യു.എസ്.എ ഗാർമെന്റ്സിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കടയ്ക്ക് അകത്തുകയറി ഷട്ടറിട്ട ആക്രമികൾ ഉടമസ്ഥനായ കിരൺ ജോസഫ്, അനുജൻ ജിതിൻ ജോസഫ്, ജീവനക്കാരനായ ശ്യാം എന്നിവരെയാണ് വെട്ടിപ്പരിക്കേല്പിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം കടയ്ക്കാവൂരെത്തിയ സംഘം മീരാൻകടവ് പാലത്തിന് സമീപത്തെ റെസ്റ്റോറന്റിന് മുന്നിൽ നിന്ന രണ്ടുപേരെയും ആക്രമിച്ചു. ഇവരിൽ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമികൾ കടയ്ക്കാവൂർ ചമ്പാവിൽ ബൈക്കിന് നേരെ നാടൻ ബോംബെറിയുകയും ചെയ്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.