ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട സുപ്രധാന ഹർജികൾ ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ മാർച്ച് തടയണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും.
ചർച്ചയ്ക്കായി നിയോഗിച്ച നാലംഗ വിദഗ്ദ്ധ സമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തി വിഭാഗം നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിച്ചേക്കും. പുതിയ കാർഷിക നിയമത്തെ പിന്തുണക്കുന്നവരായതിനാൽ സമിതിയുടെ പ്രവർത്തനം നിഷ്പക്ഷമായിരിക്കില്ലെന്നാണ് ഹർജിക്കാരുടെ വാദം.
വിദഗ്ദ്ധ സമിതിയിൽ നിലവിൽ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി, അനിൽ ഗൻവാദ് എന്നിവരാണുള്ളത്. ഭുപീന്ദർ സിംഗ് മാൻ സമിതിയിൽ നിന്ന് പിൻമാറിയിരുന്നു. വിദഗ്ദ്ധസമിതി അംഗങ്ങളുടെ ആദ്യ യോഗം ഇന്ന് ഡൽഹിയിലെ ഐ സി എ ആർ സ്ഥിതി ചെയ്യുന്ന പുസ ക്യാമ്പസിൽ ചേരും. കർഷക പ്രതിനിധികളുമായുള്ള ചർച്ചകൾ 21 മുതൽ ആരംഭിക്കുമെന്ന് അനിൽ ഗൻവാദ് പറഞ്ഞു. ഇരു വിഭാഗങ്ങളുമായി വെവ്വേറെ സംസാരിച്ച്, കർഷകരുടേയും കേന്ദ്രത്തിന്റെയും ആശങ്കകൾ കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.