ബാലസോർ: വാടക കൊലയാളികളെ ഉപയോഗിച്ച് മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. അമ്പത്തിയെട്ടുകാരിയായ സുകുരി ഗിരിയാണ് ഇന്നലെ അറസ്റ്റിലായതെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. ബാലസോർ ജില്ലയിലാണ് സംഭവം.
മകളെ കൊലപ്പെടുത്താൻ 50,000 രൂപയാണ് സുകുരി വാടക കൊലയാളികൾക്ക് നൽകിയത്. എണ്ണായിരം രൂപ അഡ്വാൻസായി നൽകിയിരുന്നു.പ്രമോദ് ജെന(32) എന്നയാൾക്കും മറ്റ് രണ്ടുപേർക്കുമാണ് ക്വട്ടേഷൻ കൊടുത്തത്. പ്രമോദിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ജനുവരി 12നാണ് സുകുരിയുടെ മകളായ ഷിബാനി നായക്കിന്റെ (36) മൃതദേഹം നാഗ്രാം ഗ്രാമത്തിലെ പാലത്തിനടിയിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്വന്തം അമ്മയാണ് ക്വട്ടേഷൻ നൽകിയതെന്ന് കണ്ടെത്തിയത്. ഷിബാനി അനധികൃത മദ്യവിൽപ്പനയിൽ ഏർപ്പെട്ടിരുന്നു. പല തവണ ഇത് വിലക്കിയെങ്കിലും മകൾ പിന്മാറാൻ തയ്യാറായില്ല. അതിനാലാണ് കൊലപ്പെടുത്തിയതെന്ന് സുകുരി പൊലീസിനോട് പറഞ്ഞു.