കൊച്ചി: ബാർ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യാജ സി ഡി ഹാജരാക്കിയ സംഭവത്തിൽ വ്യവസായി ബിജു രമേശിനെതിരെ തുടർ നടപടിയാകാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ഹൈക്കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരൻ ആണ് കേസിലെ ഹർജിക്കാരൻ. രഹസ്യ മൊഴി നൽകിയപ്പോൾ ആയിരുന്നു എഡിറ്റഡ് സി ഡി മജിസ്ട്രേറ്റിന് കൈമാറിയത്.
ചില ഭാഗങ്ങളിൽ തെറിവാക്കുകൾ ഉളളതിനാൽ എഡിറ്റഡ് വേർഷനാണ് നൽകിയതെന്ന് നേരത്തെ തന്നെ പറഞ്ഞിരുവെന്നാണ് ബിജുരമേശ് പറയുന്നത്. താൻ അയച്ച റെക്കോർഡിംഗ് ഉപകരണം പരിശോധിച്ചില്ല. എഡിറ്റഡ് വേർഷനാണെന്ന് താൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ അതൊരു വലിയ കണ്ടെത്തലായി പറയേണ്ട കാര്യമില്ല. റെക്കോഡിംഗ് ഉപകരണം പരിശോധിക്കണം എന്നു തന്നെയാണ് ആവശ്യം. അത് പരിശോധിച്ചാൽ രമേശ് ചെന്നിത്തല ഉൾപ്പടെയുളളവർക്ക് എതിരെ തെളിവുകൾ ലഭിക്കുമെന്നും ബിജു രമേശ് പറയുന്നു.