ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർ റിപബ്ളിക് ദിനത്തിൽ നടത്താനിരുന്ന ട്രാക്ടർ റാലി തടയണം എന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ഡൽഹി പൊലീസാണ് ഇക്കാര്യം തീരുമാനിക്കേണ്ടത് പരമോന്നത കോടതിയല്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഇത്തരം കാര്യങ്ങളിലിടപെടാൻ നിങ്ങൾക്ക് എല്ലാ അവകാശവുമില്ലേയെന്ന് കോടതി ഡൽഹി പൊലീസിനോട് ചോദിച്ചു. കോടതിയിൽ ട്രാക്ടർ റാലി തടയണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചതും ഡൽഹി പൊലീസാണ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്.
അറ്റോർണി ജനറൽ കെ.കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കർഷകർ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയണമെന്നും റിപബ്ളിക് ദിനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ടപ്പോൾ കേന്ദ്രത്തോട് പൊലീസിന് ക്രമസമാധാനപ്രശ്നങ്ങൾ നേരിടുന്നതിനുളള അധികാരത്തെകുറിച്ച് ഞങ്ങൾ പറയേണ്ടതില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. അങ്ങനെയെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്ന് കോടതി എഴുതി നൽകണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു.എന്നാൽ ഇക്കാര്യത്തിൽ കോടതി ഉത്തരവ് നൽകിയില്ല.
അതേസമയം വിദഗ്ദ്ധ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയോടെ തീരുമാനമുണ്ടായേക്കും. സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ ഭൂപീന്ദർ സിംഗ് മൻ രാജിവച്ചതിനാൽ പുതിയ അംഗത്തെ ഉടൻ തിരഞ്ഞെടുത്തേക്കും.