ചങ്ങനാശേരി: എൺപത്തിയെട്ടാം വയസിലും കുമാരുകുട്ടൻ നായർ എന്ന ചിത്രകാരന് വിശ്രമമില്ല. കൊവിഡ് കാലത്ത് മാത്രം വരച്ചുകൂട്ടിയത് നൂറിലധികം ചിത്രങ്ങളാണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് വരച്ചതാകട്ടെ ആയിരത്തിലധികവും. തമിഴ്നാട് വനംവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 1988 ൽ വി.ആർ.എസ് എടുത്ത് നാട്ടിൽ സ്ഥിരതാമസമാക്കിയതോടെയാണ് ചിത്രരചനയിലേയ്ക്ക് തിരിഞ്ഞത്. പതിനഞ്ചാം വയസ്സിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ വരച്ചതാണ് ചിത്രകലയിലെ ആകെയുള്ള അനുഭവസമ്പത്ത്.
ഗാന്ധിജി മുതൽ നരേന്ദ്രമോദിവരെയും മന്നത്തുപത്മനാഭൻ മുതൽ പിണറായി വിജയൻ വരെയും കുമാരനാശാൻ മുതൽ മോഹൻലാൽ വരെയുമുള്ള ആയിരക്കണക്കിന് പ്രമുഖരെ ഇദ്ദേഹം വരച്ചിട്ടുണ്ട്. കേരളീയകലാരൂപങ്ങളും പ്രകൃതിദൃശ്യങ്ങളുമെല്ലാം ചിത്രങ്ങൾക്കു വിഷയമായിട്ടുണ്ടെങ്കിലും തിരുപ്പതി ഭഗവാൻ മുതൽ വിനായകൻ വരെയുള്ള ദൈവങ്ങളാണ് വരച്ചവയിൽ ഏറെയും. ദൈവങ്ങളുടെ ചിത്രങ്ങൾ പലതും അയൽക്കാർക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകാറാണു പതിവ്.
നല്ലൊരു കർഷകൻ കൂടിയാണ് എസ്.കെ.എൻ. എന്നറിയപ്പെടുന്ന കുമാരുകുട്ടൻ നായർ. വാഴപ്പള്ളി കൂനന്താനത്ത് നന്ദനം വീട്ടിലാണ് താമസം. ഭാര്യ അമ്മിണിയമ്മ ഇത്തിത്താനം മുല്ലശേരിൽ കുടുംബാംഗമാണ്.