മുംബയ്: ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾ സംയമനം പാലിക്കണമെന്നും മാദ്ധ്യമ വിചാരണ നീതി നിർവഹണത്തെ തടസപ്പെടുത്തുന്നുവെന്നും ബോംബെ ഹൈക്കോടതി. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത് തുടർന്ന് ചില മാദ്ധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾ അവഹേളനപരമാണെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി.എസ്. കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നതിനോട് കോടതിക്ക് താൽപ്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് അന്വേഷണത്തിനോ നീതി നടപ്പാക്കുന്നതിനോ തടസമുണ്ടാക്കുന്ന ഏതെങ്കിലും റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വരുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണ്. ഇത്തരം സംഭവങ്ങൾ കേബിൾ ടിവി നെറ്റ്വർക്ക് റെഗുലേഷൻ ആക്ടിന് കീഴിലെ പ്രോഗ്രാം കോഡ് ലംഘിക്കുന്നതായും കോടതി നിരീക്ഷിച്ചു. ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.