ന്യൂഡൽഹി :അരുണാചൽ പ്രദേശിൽ കടന്നുകയറി ചൈന ഗ്രാമം നിർമ്മിച്ചതായി ദേശീയ മാദ്ധ്യമം വിദഗ്ദരെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ഭാഗത്ത് അപ്പർ സുബാൻസിരി ജില്ലയിലെ സാരി ചു നദിക്കരയിലാണ് 4.5 കിലോമീറ്ററിൽ 101 വീടുകളുമായി പുതിയ ഗ്രാമം ചൈനയുണ്ടാക്കിയിരിക്കുന്നത്. ഇതിന് തെളിവായി 2019 ആഗസ്റ്റിലെയും 2020 നവംബറിലെയും സാറ്റ്ലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 2019ൽ തരിശുനിലമായി കിടന്ന ഭൂമിയിൽ 2020ആയപ്പോൾ വീടുകൾ ഉയർന്നതായി സാറ്റ്ലൈറ്റ് ചിത്രത്തിൽ കാണാം.ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം നിലനിൽക്കെയാണ് ചൈന കടന്നുകയറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്താണെങ്കിലും 1959 മുതൽ ചൈനയുമായി അവകാശതർക്കത്തിലുള്ള ഭൂമിയാണിത്.നേരത്തെ ഇവിടെ ഒരു ചൈനീസ് മിലിറ്ററി പോസ്റ്റും നിലവിലുണ്ടായിരുന്നു. ഗ്രാമങ്ങളുടെ നിർമ്മാണം ഇപ്പോഴും പുരോഗമിക്കുകയാണ്.
പടിഞ്ഞാറൻ അരുണാചൽപ്രദേശിൽ ഇന്ത്യചൈനഭൂട്ടാൻ അതിർത്തിയോടുചേർന്ന ഭൂംല ചുരത്തിന് അഞ്ചുകിലോമീറ്റർ അകലെ ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്ത് വന്നിരുന്നു.
കടന്നുകയറ്റം ശ്രദ്ധയിൽപ്പെട്ടതായി കേന്ദ്രം
ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.നമ്മുടെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഏറെ സഹായകരമായി. മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം എളുപ്പമാക്കി. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചൽ പ്രദേശ് അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.