ന്യൂഡൽഹി :ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ പുറത്തുവന്ന വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി റോഷൻ ലാൽ ബിട്ടു മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ പരാതി നൽകി. ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിൽ അർണബ് വഞ്ചകനാണെന്ന് പരാതിയിൽ പറയുന്നു.
'വാട്സാപ്പ് സംഭാഷണങ്ങൾ വെളിപ്പെടുത്തുന്നത് ബാലകോട്ട് ആക്രമണത്തെക്കുറിച്ച് അർണബിനെ രഹസ്യ സ്രോതസ്സിലൂടെ വിവരം ലഭിച്ചിരുന്നുവെന്നാണെന്ന്' പരാതിയിൽ പറയുന്നു. 'തന്റെ ടിവി ചാനലിന്റെ ടി.ആ.ർപി വർദ്ധിപ്പിക്കുന്നതിന് ഗോസ്വാമി രാജ്യരഹസ്യങ്ങളെ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം രാജ്യത്തെ ജനങ്ങളോടുളള വിശ്വാസവഞ്ചനയാണെന്നും' എൻ.എസ്.യു. നൽകിയ പരാതിയിൽ പറയുന്നു. മഹാരാഷ്ട്ര പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് റോഷൻ ലാൽ ബിട്ടു പറഞ്ഞു.
അതേസമയം, തന്റെ വാട്സാപ്പ് ചാറ്റുകൾ ചോർന്നതും മാദ്ധ്യമങ്ങളും പ്രതിപക്ഷവും തനിക്കെതിരെ തിരിഞ്ഞതിനും കാരണം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഇടപെടലാണെന്ന് അർണബ് ഇന്നലെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലൂടെ ആരോപിച്ചു.
'ഹിന്ദുത്വ' ഭരണകൂടത്തെയും ഇന്ത്യൻ മാദ്ധ്യമങ്ങളിലെ അതിന്റെ കൂട്ടാളികളുടേയും അവിശുദ്ധ കൂട്ടുകെട്ടാണ് ചാറ്റുകൾ ചോർന്നതോടെ വെളിപ്പെട്ടത്' എന്നായിരുന്നു സംഭവത്തിൽ പാകിസ്ഥാന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമത്തിൽ ഹൈപ്പർ-നാഷണലിസത്തെ ആർ.എസ്.എസ്-ബി.ജെ.പി സർക്കാർ ശക്തിപ്പെടുത്തുന്നു എന്ന ഞങ്ങളുടെ നിലപാട് ഇന്ത്യയിലെ സമീപകാല ട്രാൻസ്ക്രിപ്റ്റ് വെളിപ്പെടുത്തലുകൾ കൂടുതൽ വ്യക്തമാക്കുന്നു എന്നും പാക് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ അർണബ് രംഗത്തെത്തുകയായിരുന്നു.